Asianet News MalayalamAsianet News Malayalam

പഞ്ചായത്ത്‌ ഫണ്ടിൽ തിരിമറി; മുൻ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കും 5 മെമ്പർമാർക്കും കഠിന തടവ്

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കായുള്ള നഴ്സിംഗ് പരിശീലന പദ്ധതിയിൽ ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ചതായി വ്യാജ രേഖകൾ പഞ്ചായത്തിൽ ഹാജരാക്കി 75,749 രൂപ പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും തിരിമറി നടത്തി

former president vice president secretary and five members of panchayath jailed for fund misappropriation afe
Author
First Published Nov 30, 2023, 8:43 PM IST

കൊല്ലം: പഞ്ചായത്ത്‌ ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തില്‍ മുന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സെക്രട്ടറിക്കും അഞ്ചു മെമ്പര്‍മാര്‍ക്കും കോടതി കഠിന തടവ് ശിക്ഷ വിധിച്ചു. 2001-2002 വർഷത്തിൽ കൊല്ലം ജില്ലയിലെ  ക്ലാപ്പന പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന പി.റ്റി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റായിരുന്ന എ ഇക്ബാല്‍, മുൻ പഞ്ചായത്ത്‌ സെക്രട്ടറിയായിരുന്ന വസുന്ധര, ക്ലാപ്പന പഞ്ചായത്തിലെ മുന്‍ മെമ്പർമാരായിരുന്ന പി. സദാശിവൻ, എസ്. ലീലാമ്മ, എം. റഷീദ, വി.കെ. നിർമല, റെയ്‌മണ്ട് കാർഡോസ്, കരുനാഗപ്പള്ളി ബി.എസ്.എസ് വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ പ്രിൻസിപ്പലായിരുന്ന അശോക് കുമാര്‍ എന്നിവരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചുത്.

പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കായുള്ള നഴ്സിംഗ് പരിശീലന പദ്ധതിയിൽ ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ചതായി വ്യാജ രേഖകൾ പഞ്ചായത്തിൽ ഹാജരാക്കി 75,749 രൂപ പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും തിരിമറി നടത്തി മാറിയെടുത്തു എന്നാണ് കേസ്. 2001ല്‍ ആയിരുന്നു സംഭവം. ക്ലാപ്പന പഞ്ചായത്ത്‌ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സെക്രട്ടറി എന്നിവര്‍ക്ക് പുറമെ ക്ലാസ്സ്‌ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടി രൂപീകരിച്ച സബ് കമ്മിറ്റിയിലെ പഞ്ചായത്ത് മെമ്പര്‍മാരും, കരുനാഗപ്പള്ളി ബി.എസ്.എസ്  വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ പ്രിൻസിപ്പലായിരുന്ന അശോക് കുമാറുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

കൊല്ലം വിജിലൻസ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്നു കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകളിലായി ഓരോ പ്രതികൾക്കും നാലു വർഷം വീതം, ആകെ 12 വർഷത്തെ കഠിന തടവും  30,00 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതിയാകും എന്നും വിധി ന്യായത്തില്‍ പറയുന്നു. എല്ലാ പ്രതികളെയും റിമാന്റ് ചെയ്തു ജയിലിലടച്ചു.

കൊല്ലം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി സി ജി ജയശാന്തിലാൽ റാം രജിസ്റ്റർ ചെയ്ത  കേസ് ഡി.വൈ.എസ്.പിമാരായ റെക്സ് ബോബി അർവിൻ, കെ. അശോക കുമാർ എന്നിവരാണ് അന്വേഷിച്ചത്. കൊല്ലം വിജിലൻസ് യൂണിറ്റ്  മുൻ ഡി.വൈ.എസ്.പിയും നിലവിലെ വിജിലൻസ് ദക്ഷിണ മേഖലാ പോലീസ് സൂപ്രണ്ടുമായ ആര്‍ ജയശങ്കറാണ് കേസില്‍ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസീക്യൂട്ടർ രഞ്ജിത്ത് കുമാർ എല്‍.ആർ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios