Asianet News MalayalamAsianet News Malayalam

ലീഗ് നേതാക്കള്‍ സ്ത്രീ പുരുഷ സമത്വം പാപമായി കാണുന്നവര്‍, റിയാസ് മികച്ച മന്ത്രി; മുന്‍ യൂത്ത് ലീഗ് നേതാവ്

 'ജെന്‍ഡര്‍ ഇക്വാലിറ്റി'യെ കുറിച്ചൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അവരെയൊക്കെ പാപികളായി മുദ്ര കുത്തുകയാണ് ചെയ്യുക.'

former youth league leader criticize Muslim league leadership
Author
Wayanad, First Published Dec 11, 2021, 10:46 PM IST

കല്‍പ്പറ്റ: സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരെയെല്ലാം പാപികളായി കാണുന്ന നേതാക്കളാണ് മുസ്ലീം ലീഗിലുള്ളതെന്ന്(Muslim League) വയനാട്ടിലെ മുന്‍ യൂത്ത് ലീഗ് നേതാവ് പി.പി. ഷൈജല്‍. ഇക്കാലത്തും സ്ത്രീകളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാനിക്കാത്തതിന് ഉത്തമ ഉദാഹരണമാണ് ഹരിതയിലെ(Haritha) മുന്‍നേതാക്കളെ അപമാനിച്ചയാള്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നതെന്നും ഷൈജല്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'ജെന്‍ഡര്‍ ഇക്വാലിറ്റി'യെ കുറിച്ചൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അവരെയൊക്കെ പാപികളായി മുദ്ര കുത്തുകയാണ് ചെയ്യുക. തനിക്കെതിരെ നടന്നതും അത്തരം രീതികളായിരുന്നു. ഈ മന്ത്രിസഭയില്‍ ടൂറിസം-പൊതുമരാമത്ത് മന്ത്രി മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് റിയാസെന്നും ഷൈജല്‍ പറഞ്ഞു.

ഹരിത വിഷയത്തില്‍ തനിക്ക് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞു. മുസ്ലീം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണമെന്നതായിരുന്നു മുസ്ലീംലീഗിന്റെ മുന്‍നേതാക്കളായ സി.എച്ച്. മുഹമ്മദ്‌കോയ, സീതിസാഹിബ് തുടങ്ങിയവരുടെ നയവും നിലപാടും. ചരിത്രമിതായിരിക്കെ ഹരിതയിലെ പെണ്‍കുട്ടികളോട് എങ്ങനെയാണ് ഇത്തരത്തില്‍ പെരുമാറാന്‍ സാധിക്കുന്നതെന്നും ഷൈജല്‍ ചോദിച്ചു. സ്ത്രീകള്‍ക്ക് രാഷ്ട്രീയ അവകാശങ്ങളുണ്ടെന്ന് പാര്‍ട്ടിക്കകത്ത് ആരെങ്കിലും സംസാരിച്ചാല്‍ അവരെ ഒറ്റപ്പെടുത്തി നടപടിയെടുക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. തീവ്ര യാഥസ്ഥിതിക നിലപാട് പുലര്‍ത്തുന്നവരെ ഇതിനായി കൂട്ടുപിടിക്കുകയാണ് ചില നേതാക്കള്‍. ആത്മാഭിനമുള്ളത് കൊണ്ടാണ് ഹരിതയിലെ പെണ്‍കുട്ടികള്‍ വനിതാകമ്മീഷന് മുന്നിലെത്തിയത്. സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനമൊക്കെ അനിവാര്യമായ കാലഘട്ടത്തില്‍ ഹരിത വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാട് മണ്ടത്തരമായി വരും കാലങ്ങളില്‍ വിലയിരുത്തപ്പെടും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ടി.സിദ്ധീഖിനെ തോല്‍പ്പിക്കാന്‍ വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും ലീഗിലെ ചില നേതാക്കളും അടങ്ങുന്ന സംഘം ശ്രമിച്ചിരുന്നു. ഇക്കാര്യം പരാതിയായി പാര്‍ട്ടിയില്‍ ഉന്നയിച്ചിരുന്നു. ഒരു പ്രധാനപ്പെട്ട ജില്ലാ നേതാവ് ടി. സിദ്ധീഖിനെതിരെ രഹസ്യയോഗം ചേര്‍ന്നു. കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ എന്തിനാണ് ഇവിടെ വന്ന് മത്സരിക്കുന്നതെന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഈ വ്യക്തി ശ്രമിച്ചിരുന്നു. അതിന് പിന്തുണ നല്‍കിയിരുന്നത് ലീഗിലെ മാഫിയ സംഘമായിരുന്നു. കോഴിക്കോട് ജില്ലയില്‍ കെ.എസ്.യു കാലം മുതല്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടും ആ ജില്ലയില്‍ ടി. സിദ്ധീഖിന് വിലയില്ലെന്നും മറ്റൊരു ജില്ലയിലുള്ള ആള്‍ ഇവിടെ മത്സരിക്കുന്നത് സമ്മതിച്ചു കൊടുക്കേണ്ടതില്ലെന്നുമായിരുന്നു പ്രചാരണം. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ മെല്ലെപ്പോക്ക് കാരണം യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ട് കുറഞ്ഞു. ഇത് സിദ്ധീഖിനെതിരെ ഒരു സംഘം നേതാക്കള്‍ നീങ്ങിയത് കൊണ്ടാണ്. രൂപീകരിച്ച അന്ന് മുതുല്‍ യു.ഡി.എഫ് മാത്രം ഭരിക്കുന്ന പഞ്ചായത്താണ് മുപ്പൈനാട്. ഇവിടെ 600 വോട്ടിന്റെ ലീഡ് മാത്രമാണ് സിദ്ധീഖിന് ഉണ്ടായിരുന്നത്. രണ്ടായിരം വോട്ടെങ്കിലും ലീഡ് ചെയ്യേണ്ട സ്ഥാനത്താണിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.കെ. രാമചന്ദ്രന്‍ പരാജയപ്പെട്ടപ്പോള്‍ പോലും രണ്ടായിരം വോട്ട് ലീഡ് മുപ്പൈനാട് ഉണ്ടായിരുന്നു. മേപ്പാടി പഞ്ചായത്തില്‍ 300 വോട്ടിന്റെ ലീഡ് നേടാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. 

2006-ല്‍ 1828 വോട്ട് യു.ഡി.എഫിന് ലീഡ് നല്‍കിയ പഞ്ചായത്തായിരുന്നു മേപ്പാടി. എന്നാല്‍ ഈ മാഫിയക്ക് സ്വാധീനമില്ലാത്ത കല്‍പ്പറ്റ നഗരസഭയില്‍ എല്‍.ഡി.എഫ് ശക്തികേന്ദ്രമായിട്ടുപോലും വെറും 300 വോട്ടിന്റെ ലീഡാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞതെന്നും തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രവര്‍ത്തനം കല്‍പ്പറ്റയില്‍ നടന്നതിന്റെ ഫലമാണിതെന്നും ഷൈജല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച പ്രവര്‍ത്തന നടത്തിയ പൊഴുതനയിലെ ലീഗ് കമ്മിറ്റിയെ ജില്ല നേതൃത്വം പിരിച്ചുവിട്ടത് അന്യായമായാണ്. എക്കാലത്തും ഇപ്പോഴും എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രമായ പൊഴുതന പഞ്ചായത്തില്‍ നല്ല പ്രവര്‍ത്തനം നടത്തിയതിനാല്‍ നൂറിലധികം വോട്ടിന്റെ ലീഡ് യു.ഡി.എഫിനുണ്ടായി. ഈ പഞ്ചായത്ത് കമ്മിറ്റിയാണ് മുസ്ലീംലീഗ് ജില്ല നേതൃത്വം പിരിച്ചുവിട്ടത്. അതേ സമയം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഷൈജല്‍ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios