മലയോരത്തെ ഭീതിയിലാക്കി വീണ്ടും പുലിപ്പേടി. ഇന്ന് രാവിലെ പുലിക്കുട്ടിയുടേതെന്ന് തോന്നിക്കുന്ന ജഡം കണ്ടെത്തിയതോടെടെയാണ് നാട്ടുകാർ ഏറെ ഭീതിയിലായത്.
മലപ്പുറം: മലയോരത്തെ ഭീതിയിലാക്കി വീണ്ടും പുലിപ്പേടി. ഇന്ന് രാവിലെ പുലിക്കുട്ടിയുടേതെന്ന് തോന്നിക്കുന്ന ജഡം കണ്ടെത്തിയതോടെടെയാണ് നാട്ടുകാർ ഏറെ ഭീതിയിലായത്. പോത്തുക്കല്ല് ഉപ്പടയിലാണ് പുലിക്കുട്ടി എന്ന് സംശയിക്കുന്ന ജീവിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പള്ളിക്കത്തേക്കെതിൽ യോഹന്നാൻ എന്ന വ്യക്തിയുടെ വീടിനോട് ചേർന്ന വിറകുപുരയിലാണ് ജഡം കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. പുലിയുടെ കുട്ടിയുടെ സാമ്യം തോന്നിയതോടെ വീട്ടുകാർ ഉടൻ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. വനം വകുപ്പും സ്ഥലത്തെത്തി. എന്നാൽ പുലിയുടെ ജഡം അല്ലെന്ന നിഗമനത്തിലാണ് അധികൃതർ. ജഡം വനം വകുപ്പ് അധികൃതർ കൊണ്ട് പോയി. എന്നാൽ ഇത് എന്ത് ജീവി ആണെന്ന സ്ഥിരീകരണം ലഭിച്ചില്ല എന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം എടക്കര മൂത്തേടം കൽക്കുളത്ത് പുലി ആടിനെ കൊന്നിരുന്നു. കൽക്കുളം സൊസൈറ്റി പടി മുണ്ടക്കോട്ടുപാടിക്കൽ ബിജുവിന്റെ ആടിനെയാണ് ശനി പുലർച്ചെ പുലി കൊന്നത്. മലയോരത്ത് പുലിയുടെ സാന്നിധ്യം കാരണം ജനങ്ങൾ ഏറെ ഭീതിയിലാണ്.
