കായംകുളം: മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ നാല് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൃഷ്ണപുരം പുള്ളിക്കണക്ക് നിഷാദ് മന്‍സിലില്‍ നിഷാദ് (23), കൃഷ്ണപുരം ദേശത്തിനകം പന്തപ്പാവില്‍ ലക്ഷം വീട് കോളനിയിലെ മുനീര്‍ (21), കായംകുളം കൊറ്റുകുളങ്ങര നമ്പലശ്ശേരി പുത്തന്‍വീട്ടില്‍ സയിര്‍ അബ്ദുള്ള (23), പെരിങ്ങാല കവറാട്ട് തെക്കതില്‍ നൗഫല്‍ (26) എന്നിവരാണ് പിടിയിലായത്. 

എംഡിഎംഎ (മീഥൈല്‍ ഡയോക്‌സി മെഥാഫിറ്റമിന്‍) എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വില വരുന്ന 1.9 ഗ്രാം എംഡിഎംഎയും ഒന്നര ലക്ഷം രൂപ വിലവരുന്ന രണ്ട് ബൈക്കുകളും എക്‌സൈസ് സംഘം ഇവരില്‍ നിന്നും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം 2.45 ഓടെ ദേശീയ പാതയില്‍ ഒഎന്‍കെ ജംഗ്ഷന് സമീപം പ്രതാംഗമൂട് ജംഗ്ഷനിലേക്ക് പോകുന്ന റോഡിലുള്ള ചെറിയപാലത്തിന്റെ സമീപത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. 

പാലത്തിന്റെ സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഈ പ്രദേശം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. രഹസ്യാന്വേഷണത്തിന്റെ ഫലമായി ഇവര്‍ ഉപയോഗിക്കുന്ന ബൈക്കിന്റെ നമ്പര്‍ മനസിലാക്കി. തുടര്‍ന്നാണ് മയക്കുമരുന്നുകളോടെ ഇവരെ പിടികൂടിയത്.  

ആവശ്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ വാട്ട്‌സാപ്പ് വഴിയാണ് ഇവര്‍ വില്‍പ്പന നടത്തി വരുന്നത്. ഈ മയക്കുമരുന്ന് മാത്രം ഉപയോഗിക്കുന്നവരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് പ്രതികളുടെ മൊബൈലില്‍ നിന്ന് കണ്ടെത്തി. 'എം' എന്ന ചുരുക്കപ്പേരിലാണ് ഈ ലഹരി വസ്തു യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്നത്. പിടിച്ചെടുത്ത എംഡിഎംഎക്ക് ഒരു ലക്ഷത്തിലധികം വിലവരും. കായംകുളത്ത് ആദ്യമായാണ് ഈ ലഹരി വസ്തു പിടികൂടുന്നത്. അര ഗ്രാമില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്.