വയനാട്: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തെരഞ്ഞെടുപ്പ് കുടുംബകാര്യമാണ്. അമ്മയും മകളും ഉൾപ്പെടെ 4 പേരാണ് ഒരു കുടുംബത്തിൽ നിന്ന് ഇവിടെ മത്സരിക്കുന്നത്. എടത്തന കോളനിയിൽ നിന്നുള്ളവരാണ് നാല് പേരും.

തവിഞ്ഞാൽ വാളാട്ടെ എൻഡിഎ സ്ഥാനാർത്ഥികൾ മൂവരും രാവിലെ വോട്ട് തേടി ഒന്നിച്ചിറങ്ങും. എടത്തന കുറിച്യ തറവാട്ടിലെ ലീല ടീച്ചറാണ് സീനിയർ. പതിനെട്ടാം വാർഡിലെ സ്ഥാനാർത്ഥിയാണ്, മകൾ മനീഷ 13-ൽ മത്സരിക്കുന്നു , ലീലയുടെ ചേട്ടന്‍റെ മകൻ വിഎ ചന്ദ്രൻ 17-ലെ സ്ഥാനാർത്ഥിയാണ്. 

മൂവരും ഒരേ മുന്നണിയിലാണെങ്കിൽ ടീച്ചറുടെ എതിരാളി പതിനെട്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി പുഷ്പ അമ്മാവന്‍റെ മകളാണ്. രാഷ്ട്രീയം പക്ഷെ കുടുംബത്തിന് പുറത്ത് മാത്രമെന്നാണ് ഇവരുടെ പക്ഷം. 

എടത്തന കുറിച്യ തറവാട്ടിൽ 300 ൽ അധികം വോട്ടുള്ളതും സ്ഥാനാർത്ഥികളെ ഇവിടെ നിന്ന് കണ്ടെത്താൻ മുന്നണികളെ പ്രേരിപ്പിക്കുന്നു. പതിനെട്ടാം വാർഡ് ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്. യുഡിഎഫ് സ്ഥാനാർത്ഥി പക്ഷെ എടത്തന കുടുംബത്തിൽ നിന്നുള്ളതല്ല.