യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ നാല് പേര്‍ കസ്റ്റഡിയില്‍. പരിക്കേറ്റ തിരുമല സ്വദേശി വിഷ്ണു ദേവ് ചികിത്സയിലാണ്.

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ നാല് പേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ തിരുവനന്തപുരം തിരുമല സ്വദേശി വിഷ്ണു ദേവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. പ്രതികളിൽ ഒരാളുടെ സഹോദരിയെ ഫേയ്സ്ബുക്കിലൂടെ അപമാനിച്ചതാണ് പ്രകോപനം. മർദ്ദനമേറ്റ വിഷ്ണു, പെൺകുട്ടിയുമായി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിരുന്നു. മറ്റൊരാളെ വിവാഹം ചെയ്തതാണത്രെ കാരണം. ഇതറിഞ്ഞ സഹോദരൻ, സുഹൃത്തുക്കൾക്കൊപ്പം വിഷ്ണു ജോലി ചെയ്യുന്ന വർക്ക് ഷോപ്പിൽ എത്തി തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

ഫേയ്സ് ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി ആദ്യം വട്ടിയൂർകാവ് പൊലീസിൽ എത്തിയ സഹോദരനോട് വിഷ്ണവിനെ പിടിക്കാൻ കഴിയില്ലെന്നും വേണമെങ്കിൽ പിടിച്ചുകൊണ്ടുവരാൻ രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ പറഞ്ഞതായി ആക്ഷേപമുണ്ട്. ആക്ഷേപം ശരിവച്ചുകൊണ്ട് എസ് ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.