Asianet News MalayalamAsianet News Malayalam

പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നാല് വിമാന സര്‍വീസുകളാണ് പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.

Four Kozhikode bound flights from gulf countries diverted to kochi due to heavy rain afe
Author
First Published Sep 16, 2023, 2:59 AM IST

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥ കാരണം കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുിവിട്ടു. ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളാണ് കൊച്ചിയിലേക്ക് മാറ്റേണ്ടി വന്നത്. ഒമാൻ ഏയറിന്റെ മസ്കറ്റ് - കോഴിക്കോട് വിമാനം, എയർ അറേബ്യയുടെ അബൂദാബി - കോഴിക്കോട് വിമാനം, എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ - കോഴിക്കോട്, ഷാർജ - കോഴിക്കോട് സര്‍വീസുകളാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.

സംസ്ഥാനത്ത് 11 ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 

Read also:  വറചട്ടിയിലാകുമോ? ഇതുവരെ ലഭിച്ച മഴയിൽ വൻ കുറവ്! സെപ്റ്റംബർ മാത്രം ചെറിയ ആശ്വാസം! കണക്കുകൾ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

വടക്കൻ ഒഡിഷക്ക് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം ( Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നതാണ് കേരളത്തിൽ മഴയ്ക്ക് കാരണമായത്. അടുത്ത രണ്ടു ദിവസം  ഛത്തീസ്ഗഡ് - കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് ഈ ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതചുഴിയും നില നില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനവും കേരളത്തിൽ മഴയ്ക്ക് കാരണമാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ കർണാടക തീരത്തു മത്സ്യബന്ധനത്തിന് പോകാൻ  പാടില്ലെന്നാണ് അറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios