ഇക്കഴിഞ്ഞ ജൂണ്‍ മാസം ഉദ്ഘാടനം ചെയ്ത മലപ്പുറം തവനൂരിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയ നാല് പേരാണ് സംശയകരമായ സാഹചര്യത്തില്‍ ജയിലിന് പുറത്ത് എത്തിയത്.
മലപ്പുറം: തവനൂർ സെൻട്രൽ ജയിലിനകത്തേക്ക് നിരോധിത വസ്തുക്കളായ ബീഡിക്കെട്ടുകളും ഹാൻസ് പാക്കറ്റുകളും എറിഞ്ഞ് കൊടുക്കാൻ ശ്രമിച്ച നാലുപേരെ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി. തൃശ്ശൂർ ചാമക്കാല സ്വദേശികളായ നിഖിൽ, മേലറ്റത്ത് സക്കീർ, പോണത്ത് ബിബിൻ, കൊച്ചിക്കാട്ട് ഷലീഷ് എന്നിവരാണ് പിടിയിലായത്. ഇതേ ജയിലിൽനിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയവരാണിവർ.
സെപ്റ്റംബർ ആറിന് സെൻട്രൽ ജയിലിനകത്തേക്ക് ബീഡി കടത്താൻ ശ്രമിച്ച മൂന്നുപേരെ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി പോലീസില്‍ ഏൽപ്പിച്ചിരുന്നു. കൊടുവള്ളി ആമിയംപൊയിൽ മുഹമ്മദ് മുസമ്മിൽ (27), കോഴിക്കോട് പപ്പനംപൊയ്കയിൽ രഞ്ജിത്ത് (25), പാലക്കാട് കല്ലമല്ല ഒളിക്കൽ സൈതലവി (40) എന്നിവരെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. തടവുകാരെ കാണാനെത്തിയവരായിരുന്നു മൂവരും. ഇവരില്‍ മുഹമ്മദ് മുസമ്മിൽ നേരത്തേ തടവിൽ കഴിഞ്ഞിരുന്നയാളായിരുന്നു.
Read also: തെങ്ങ് കയറ്റത്തിനിടെ കടന്നല്‍ കുത്തേറ്റു; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
ജൂൺ 12 നാണ് തവനൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷൻ ഹോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഐക്യ കേരള രൂപീകരണത്തിന് ശേഷം സർക്കാർ നിർമിച്ച ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെയും രാജ്യത്തെ 145 -ാമത്തെയും സെൻട്രൽ ജയിലുമാണ് തവനൂർ കൂരടയിലേത്. 34 ബാരക് സെല്ലുകൾ, 24 സെല്ലുകൾ ,ട്രാൻസ് ജൻഡേർസിനായി രണ്ടു സെല്ലുകൾ, ഫ്ലഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ടോയ്ലറ്റുകൾ, ഷവർ സൗകര്യത്തോടെയുള്ള 84 ബാത്ത് റൂമുകൾ,അത്യാധുനിക രീതിയിലുള്ള അടുക്കള, തടവുകാരുടെ വിദ്യഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും തൊഴിൽ ശാലകൾക്കും വേണ്ടിയുള്ള റൂം സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിർമാണം പൂർത്തിയാക്കിയത്. ജൂലൈ ആറിനാണ് തവനൂർ സെൻട്രൽ ജയിലേക്ക് തടവുകാരെ എത്തിച്ചു തുടങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മലപ്പുറം, പാലക്കാട് ,കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 50 തടവുകാരെ ആണ് ആദ്യഘട്ടത്തിൽ തവനൂരിൽ എത്തിച്ചത്.മൂന്നു നിലകളിലായി 706 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
