തെങ്ങ് കയറ്റത്തിനിടെ കടന്നല്‍ കുത്തേറ്റു; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്
കോഴിക്കോട്: കടന്നൽ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശി സുരേന്ദ്രനാണ് (41) മരിച്ചത്.
കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്നില്‍ വച്ച് ബുധനാഴ്ചയാണ് സുരേന്ദ്രന് കടന്നൽ കുത്തേറ്റത്. മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പിതാവ്- പരേതനായ മേലെ കീടേരി കരിയാത്തന്‍. മാതാവ്- പരേതയായ കാർത്ത്യായനി. ഭാര്യ- ശ്രീജയ.
മകൻ- അർജുൻ.
തേനീച്ചയുടെ കുത്തേറ്റു 2 കുട്ടികൾക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശിലെ മൻകാപൂരിലാണ് സംഭവം. യുഗ് (4), യോഗേഷ് (6) എന്നീ കുട്ടികളാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടികൾക്ക് തേനീച്ചയുടെ കുത്തേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തേനീച്ചയുടെ ആക്രമണത്തിൽ മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ അവർ ചികിത്സയിലാണ്.
നാട്ടുകാരെ വളഞ്ഞിട്ട് കുത്തി തേനീച്ച
ഒരു മാസം മുന്‍പ് ആലപ്പുഴ തലവടിയില്‍ തേനീച്ചയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ ആനപ്രമ്പാൽ തലവടി ഫെഡറൽ ബാങ്കിന് മുകളിലെ എക്കോസ് ബിൽഡിംഗിൽ കൂടുകൂട്ടിയ തേനീച്ചകളാണ് ആളുകളെ ആക്രമിച്ചത്. ഫെഡറൽ ബാങ്കിന്‍റെ എടിഎം കൗണ്ടറിൽ കയറിയവരുടെ ഹെൽമറ്റിൽ കടന്നുകൂടിയ തേനീച്ച ഇവരെ ആക്രമിക്കുകയായിരുന്നു.
രക്ഷപ്പെടാനായി ഹെൽമറ്റ് ഊരിയെറിഞ്ഞതോടെ കൌണ്ടറിലും പരിസരത്തുമുണ്ടായിരുന്നവര്‍ക്ക് നേരെ തേനീച്ചകള്‍ പാഞ്ഞെത്തുകയായിരുന്നു. ഒടുവില്‍ എടത്വാ പൊലീസിന്റെ നേതൃത്വത്തിൽ, തേൻ ശേഖരിക്കുന്ന ഹരിപ്പാട് സ്വദേശികളെ സ്ഥലത്ത് എത്തിച്ച് തേനീച്ചയെ പിടികൂടുകയായിരുന്നു.