പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
തൃശൂർ: തൃശൂർ ആളൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആളൂർ എടത്താടൻ ജംഗ്ഷന് സമീപം മാണി പറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടന്നാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ സംസ്കാരം നടത്തി.
അതേസമയം പൊലീസിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കാക്കികുള്ളിലെ അമ്മ മനസ്സിന് സേന ആദരം നൽകി എന്നതാണ്. അമ്മയില്‍ നിന്ന് അകറ്റപ്പെട്ട് വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാല്‍ നല്‍കി പരിചരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥ രമ്യയ്ക്കാണ് ആദരം ലഭിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും സംസ്ഥാന പൊലീസ് മേധാവിയുമാണ് രമ്യക്ക് ആദരം നൽകിയത്. രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് പൊലീസ് മേഝിവി കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്. രമ്യയ്ക്ക് നല്‍കാനായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൈമാറിയ സര്‍ട്ടിഫിക്കറ്റും പൊലീസ് മേധാവി അനില്‍കാന്ത് സമ്മാനിച്ചു. അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ പ്രവൃത്തി സേനയുടെ യശസ്സ് വര്‍ധിപ്പിച്ചതായി സംസ്ഥാന പൊലീസ് മേധാവി അഭിപ്രായപ്പെട്ടു. രമ്യയുടെ സേവനം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. പൊലീസിന്‍റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു അഭിനന്ദനത്തിന് കാരണമായ സംഭവം നടന്നത്. കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞ് വിശന്ന് വാതോരാതെ കരഞ്ഞപ്പോൾ പൊലീസ് ഉദ്യോഗസ്ഥ രമ്യ സ്വന്തം മുലപ്പാല്‍ നല്‍കി കുഞ്ഞിനെ ഊട്ടുകയായിരുന്നു. നാല് വര്‍ഷം മുമ്പ് പൊലീസ് സേനയില്‍ ചേര്‍ന്ന രമ്യ മാതൃത്വ അവധിക്ക് ശേഷമാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയത്. നാലും ഒന്നും വയസ്സുളള രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണ് രമ്യ.
അമ്മ മനസിന് ആദരം; കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ആദരം
