മലപ്പുറം: മലപ്പുറം ജില്ലയിൽ നാല് പേർക്ക് കൂടി ബുധനാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറിൽ നിന്നെത്തിയ നിറമരുതൂർ ജനതാ ബസാർ സ്വദേശി 42 കാരൻ, അബുദാബിയിൽ നിന്നെത്തിയവരായ എടപ്പാൾ വട്ടംകുളം കുറ്റിപ്പാല സ്വദേശി 52 കാരൻ, പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി 34 കാരൻ, ഏലംകുളം പാലക്കുളം സ്വദേശി 41 വയസുള്ള വനിത എന്നിവർക്കാണ് രോഗബാധയെന്ന്  ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. ഇവരിൽ മൂന്ന് പേർ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും നിറമരുതൂർ ജനതാബസാർ സ്വദേശി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.

നേരത്തെ ആരോഗ്യ പ്രശ്നങ്ങളുള്ള നിറമരുതൂർ ജനതാ ബസാർ സ്വദേശി തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിയതായിരുന്നു. മെയ് ഒമ്പതിന് ഖത്തറിൽ നിന്നുള്ള ഐ.എക്സ് - 476 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മെയ് 10 ന് പുലർച്ചെ രണ്ട് മണിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തി. പരിശോധനകൾക്കു ശേഷം കോഴിക്കോട് സർവ്വകലാശാല ഇന്റർനാഷണൽ ഹോസറ്റലിലെ കൊവിഡ് കെയർ സെന്ററിൽ എത്തിച്ച ശേഷം ആരേഗ്യ പരിശോധനകൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കായി മെയ് 16 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് ബുധനാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു.

മറ്റ് മൂന്ന് പേരും അബുദബിയിൽ നിന്ന് മെയ് 10 ന് പുലർച്ചെ രണ്ട് മണിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഐ.എക്സ്- 348 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ്. ഇവരിൽ എടപ്പാൾ വട്ടംകുളം കുറ്റിപ്പാല സ്വദേശിയെ വിമാനത്താവളത്തിൽവച്ചുതന്നെ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭര്യക്കും അമ്മക്കും മകൾക്കുമൊപ്പമാണ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി തിരിച്ചെത്തിയത്. വിമാനത്താവളത്തിലെ പരിശോധനകൾക്കു ശേഷം ഇവർ സ്വന്തം വീട്ടിലേയ്ക്കു മടങ്ങി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞു. രോഗ ലക്ഷണങ്ങൾ കണ്ടതോടെ ഇയാളെ മെയ് 18 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ഏലംകുളം പാലത്തോൾ സ്വദേശിന് വിമാനത്താവളത്തിൽ നിന്ന് മലപ്പുറത്തെ ശിക്ഷക് സദനിലെ കോവിഡ് കെയർ സെന്ററിൽ എത്തി പ്രത്യേക നിരീക്ഷണത്തിലായിരുന്നു. മെയ് 18 ന് രോഗലക്ഷണങ്ങൾ കണ്ടതോടെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെഎണ്ണം 51 ആയി. 29 പേർ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു. മഞ്ചേരിയിൽ ചികിത്സയിലുള്ള ഒരാൾ ആലപ്പുഴ സ്വദേശിനിയാണ്.