ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്
തൃശൂര്‍: തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട, ലോറിയില്‍ കടത്തിയിരുന്ന 125 കിലോ കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍. ആലുവ കരിമാലൂര്‍ ആലങ്ങാട് സ്വദേശികളായ ചീനിവിള വീട്ടില്‍ ആഷ്‌ലിന്‍, പള്ളത്ത് വീട്ടില്‍ താരിസ്, പീച്ചി ചേരുംകുഴി സ്വദേശി തെക്കയില്‍ വീട്ടില്‍ കിങ്ങിണി ഷിജോ എന്ന ഷിജോ, പാലക്കാട് ചെര്‍പ്പുളശേരി തൃക്കടീരി സ്വദേശി പാലാട്ടുപറമ്പില്‍ വീട്ടില്‍ ജാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാതയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഒഡീഷയില്‍നിന്നും ലോറിയില്‍ കടത്തിയ 125 കിലോ കഞ്ചാവും ക്രിമിനല്‍ കേസ് പ്രതികളും ഗുണ്ടകളും അടക്കമുള്ള നാലുപേരും പിടിയിലായത്.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തു. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ഒഡീഷയില്‍നിന്നും കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. ലോറിയില്‍ ചാക്കുകളില്‍ നിറച്ച് ടാര്‍ പോളിന്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. പതിനാറോളം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ താരിസ്. ഇയാളെ രഹസ്യമായി നിരീക്ഷിച്ചതിന്റെ ഫലമാണ് വന്‍തോതില്‍ കഞ്ചാവ് പിടികൂടാന്‍ ഇടയായത്. പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ് ഷിജോ. കഞ്ചാവ് കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ ആളാണ് പ്രതി ജാബിര്‍.
റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി. പി.സി. ബിജു കുമാര്‍, പുതുക്കാട് എസ്.എച്ച്.ഒ. മഹേന്ദ്രസിംഹന്‍, റൂറല്‍ ഡാന്‍സാഫ് അംഗങ്ങളായ വി.ജി. സ്റ്റീഫന്‍, സി.ആര്‍. പ്രദീപ്, പി.പി. ജയകൃഷ്ണന്‍, സതീശന്‍ മടപ്പാട്ടില്‍, ടി.ആര്‍. ഷൈന്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, സൂരജ് വി. ദേവ്, ലിജു ഇയ്യാനി , എ.യു. റെജി, എം.ജെ. ബിനു, സോണി സേവിയര്‍, എ.ബി. നിഷാന്ത്, കെ.ജെ. ഷിന്റോ, പുതുക്കാട് അഡീഷണല്‍ എസ്‌ഐമാരായ എ.വി. ലാലു, മുരളീധരന്‍ , ഫിറോസ്, സീനിയര്‍ സി.പി.ഒമാരായ അരുണ്‍ പി.കെ, സുജിത് കുമാര്‍ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


