Asianet News MalayalamAsianet News Malayalam

ലഹരി മരുന്ന് വാങ്ങാന്‍ പണത്തിനായി മോഷണം; നാലംഗ സംഘം പിടിയില്‍, മോഷണ ലിസ്റ്റ് ഞെട്ടിക്കുന്നത്

വീടുകളിലും കടകളിലും വില്പനയ്ക്കുള്ള വിലകൂടിയ മല്‍സ്യങ്ങളെയും പൂച്ചകളെയും ഹൈവേകളില്‍ നിര്‍ത്തിയിടുന്ന ലോറികളില്‍ നിന്നും പണവും മൊബൈല്‍ ഫോണുകളുമെല്ലാം മോഷണ ലിസ്റ്റിലുണ്ട്.

four youth arrested for robbery in kozhikode
Author
Kozhikode, First Published Sep 18, 2020, 10:22 PM IST

കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങള്‍ കുത്തി തുറന്ന് കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍. കൊടുവള്ളി വാവാട് മൊട്ടമ്മല്‍ ഫസലുദ്ദീന്‍ തങ്ങള്‍(26), ബാലുശ്ശേരി കിനാലൂര്‍ എച്ചിങ്ങാപൊയില്‍ ഹര്‍ഷാദ്(24), താമരശ്ശേരി ചുടലമുക്ക് പൂമംഗലത്തുചാലില്‍ ഇജാസ്(23), വാടിക്കല്‍ തൂവ്വക്കുന്നുമ്മല്‍ ഫായിസ്(22) എന്നിവരെയാണ് താമരശ്ശേരി ഡി.വൈ.എസ്.പി. ടി. അഷ്‌റഫിന്റെ  നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.  

താമരശ്ശേരി, ബാലുശ്ശേരി ,ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തി വരികയായിരുന്ന സംഘമാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് നിന്നും ജൂലൈ മാസത്തില്‍ 1,65,000 രൂപയുടെ അടക്കയും, ബാലുശ്ശേരി പറമ്പിന്‍മുകള്‍  എസ്.ബി. ട്രേഡേഴ്‌സില്‍ നിന്നും 30,000 രൂപയുടെ ഒരു കിന്റെല്‍ കുരുമുളകും, കാരാടിയിലെ ചിക്കന്‍സ്റ്റാളും, കൂടാതെ നിരവധി കടകള്‍ കുത്തിതുറന്ന് കവര്‍ച്ചയും നടത്തിയതും ഈ സംഘമാണെന്ന് പൊലീസ് പറയുന്നു.

അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളില്‍ നിന്ന് മൊബൈല്‍ ഫോണും പണവും  മോട്ടോര്‍ സൈക്കിളുകളും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. വീടുകളിലും കടകളിലും വില്പനയ്ക്കുള്ള വിലകൂടിയ മല്‍സ്യങ്ങളെയും പൂച്ചകളെയും ഹൈവേകളില്‍ നിര്‍ത്തിയിടുന്ന ലോറികളില്‍ നിന്നും പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചവയില്‍ പെടുന്നതായും പൊലീസ് പറഞ്ഞു.
ഈ സംഘത്തിലെ ഇജാസിനെ നാല് ദിവസം മുന്‍പ് വാവാട് നിന്ന് കളവ് നടത്തിയ ബുള്ളറ്റുമായി കൊടുവള്ളിയില്‍ വെച്ചും,  ഫായിസിനെ താമരശ്ശേരിയില്‍ വെച്ചുമാണ് പൊലീസ് പിടികൂടിയത്.

ഫസലുദ്ദീന്‍ തങ്ങളെയും ഹര്‍ഷാദിനെയും ഇന്ന് താമരശേരിയില്‍ നിന്നുമാണ് പൊലീസ് വലയിലാക്കിയത്. പകല്‍ സമയങ്ങളില്‍ ഓട്ടോറിക്ഷയിലും കാറിലും സഞ്ചരിച്ചു കടകള്‍ കണ്ടു വെച്ചു രാത്രി കളവ് നടത്തുകയാണ് ഇവരുടെ രീതി. കോരങ്ങാട് നിന്നും കളവ് നടത്തിയ അടക്ക കോഴിക്കോട് വലിയ അങ്ങാടിയിലെ രണ്ട് കടകളിലും , ബാലുശ്ശേരി പറമ്പിന്‍മുകളിലെ കടയിലുമാണ് വില്‍പന നടത്തിയത്. അടക്ക വില്‍പന നടത്തിയ അതേ കടയില്‍ നിന്നുമാണ് പിന്നീട് കുരുമുളക് നാലംഗസംഘം കവര്‍ച്ച നടത്തിയത്.

പ്രായപൂര്‍ത്തിയാവാത്ത നിരവധി പേരെ ഇതേ പ്രതികള്‍ മയക്കുമരുന്ന് നല്‍കി പ്രലോഭിപ്പിച്ചു ഇവരെയും കൂട്ടിയും മോഷണം നടത്തിയിട്ടുണ്ട്. ലഹരിക്കടിമകളായ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ്  മോഷണം നടത്തുന്നത്.ഫസലുദ്ദീന്റെ പേരില്‍ കൊടുവള്ളിയിലും കാസര്‍ഗോഡും കഞ്ചാവ് കടത്തിയതിന് കേസുണ്ട്. മറ്റ് പ്രതികളും ഇതിന് മുന്‍പ് കളവ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ്.

താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എം.പി രാജേഷ് , എസ് ഐ മാരായ സനല്‍രാജ്, മുരളീധരന്‍, ക്രൈം സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ്ബാബു, സുരേഷ്, എ.എസ്.ഐ ഷിബില്‍ ജോസഫ്, എസ്.സി.പി.ഒ  സുരേഷ് ബാബു, സി.പി.ഒ മാരായ ജിലു , വിജേഷ്, ഷിജു എന്നിവരടങ്ങിയ ടീമാണ് കവര്‍ച്ചസംഘത്തെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios