സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കൊല്ലത്ത് യുവാവ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്‌കൂട്ടറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

കൊല്ലം: സംസ്ഥാനത്ത് എക്സൈസിന്‍റെ ലഹരി വേട്ട. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ കൊല്ലത്തും കാസർഗോട്ടും രാസലഹരിയുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ടയിൽ 2.5 ഗ്രാം മെത്താംഫിറ്റമിനും 15 ഗ്രാം കഞ്ചാവുമായി ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അരുൺ.വി (28) എന്നയാളെയാണ് എക്സൈസ് പൊക്കിയത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബിന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്‌കൂട്ടറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

കാസർഗോഡ് കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും 2.77 ഗ്രാം മെത്താംഫിറ്റമിനുമായി കേതൻ.സി.കെ(26), അബ്ദുൽ നിസാർ(32 ), ബ്രിജേഷ് (24 ) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഇവരുടെ ശരീരത്തിലും സ്കൂട്ടറിലുമായി ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രാവൺ.കെ.വിയും പാർട്ടിയും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.