വലിയ തോവാളയില്‍ ഗാനമേളയ്ക്കിടെ ബഹളം വെച്ചതിനെ തുടര്‍ന്ന്  യുവാക്കളെ പോലിസ് താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കല്ലേറ്. 

ഇടുക്കി: പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ നാല് യുവാക്കള്‍ പിടിയില്‍. കവുന്തി സ്വദേശികളായ താഴത്തേടത്ത് ജസ്റ്റിന്‍, പുളിക്കകുന്നേല്‍ സച്ചിന്‍, കാക്കനാട്ട് ജോബി, പാത്തിക്കല്‍ സുബിന്‍ എന്നിവരാണ് പിടിയിലായത്. വലിയ തോവാളയില്‍ ഗാനമേളയ്ക്കിടെ ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാക്കളെ പോലിസ് താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കല്ലേറ്.

തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായത്. വലിയ തോവാളയില്‍ നടന്ന ഗാനമേളയ്ക്കിടെ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസെത്തി യുവാക്കളെ താക്കീത് ചെയ്യുകയായിരുന്നു. പിന്നീട് ഗാനമേളയ്ക്ക് ശേഷം സ്റ്റേഷനിലേക്ക് മടങ്ങിയ പൊലീസ് വാഹനത്തിന് നേരെ ഇവര്‍ കല്ലെറിയുകയായിരുന്നു.

നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ് ഐ റെജിമോനും സംഘവുമാണ് വാഹനത്തിലുണ്ടായത്. വാഹനത്തിന്റെ മുകള്‍ ഭാഗത്തും വശങ്ങളിലും കല്ല് പതിച്ച് കേടു പാടുകള്‍ സംഭവിച്ചു. അപ്രതീക്ഷമായ ആക്രണത്തിലും വാഹനത്തിന്‍റെ നിയന്ത്രണം വിടാതിരുന്നതിനാല്‍ അപകടം ഒഴിവായി.

പൊതുമതല്‍ നശിപ്പിച്ചതിന് പ്രതികള്‍ക്കെതിരെ കേസെടുത്തു. പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സംഭവ സമയത്ത് പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലിസ് പറഞ്ഞു.