Asianet News MalayalamAsianet News Malayalam

സിനിമാചിത്രീകരണത്തിനുപയോ​ഗിക്കുന്ന നോട്ടുകൾ നൽകി തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് പണം വാങ്ങി, മുന്നിലും പുറകിലും യഥാർഥ നോട്ടു വെച്ചതിനുശേഷം ഇടയ്ക്ക് ഷൂട്ടിങ് ആവശ്യത്തിനുള്ള നോട്ട് വെച്ച് പായ്ക്ക് ചെയ്തു കൊടുക്കുന്നതാണ് ഇവരുടെ രീതി. 

Fraud by issuing notes used for filming; Two arrested
Author
Thiruvananthapuram, First Published Aug 30, 2021, 11:46 AM IST

തിരുവനന്തപുരം: നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് പണം വാങ്ങിയ ശേഷം മുന്നിലും പുറകിലും യഥാർഥ നോട്ടുകളും ഇടയ്ക്ക് ഷൂട്ടിങ് ആവശ്യത്തിനുള്ള നോട്ടുകളും വെച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. സുന്ദർരാജ് (51), സുജിത്ത് എന്ന രഞ്ജിത്ത് (45) എന്നിവരാണ് പിടിയിലായത്. ഇവരുടെ താമസ സ്ഥലത്ത് നിന്ന് തട്ടിപ്പുനടത്താനായി സൂക്ഷിച്ചുവെച്ചിരുന്ന സിനിമാ ചിത്രീകരണത്തിനു മാത്രം ഉപയോഗിക്കുന്ന കെട്ടുകണക്കിന് നോട്ടുകൾ ഫോർട്ട് ഇൻസ്പെക്റ്റർ എസ്.എച്ച്.ഒ രാകേഷും സംഘവും പിടിച്ചെടുത്തു. 

പോത്തൻകോട് അണ്ടൂർക്കോണം പോസ്റ്റോഫീസ് റോഡിൽ വാടക വീട്ടിൽനിന്നാണ് നോട്ടുകൾ കണ്ടെടുത്തത്. ഫോർട്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് വാടകവീട്ടിൽനിന്ന് നോട്ടുകൾ കണ്ടെത്തിയത്. ഷൂട്ടിങ്ങിനു മാത്രമേ ഉപയോഗിക്കാവൂ എന്ന് നോട്ടിനു മുകളിൽ അച്ചടിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഫോർട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽനിന്നു പണം വാങ്ങി, മുന്നിലും പുറകിലും യഥാർഥ നോട്ട് വെച്ചതിനുശേഷം ഇടയ്ക്ക് ഷൂട്ടിങ് ആവശ്യത്തിനുള്ള നോട്ട് വെച്ച് പായ്ക്ക് ചെയ്തു കൊടുക്കുന്നതാണ് ഇവരുടെ രീതി. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് പ്രതികളുടെ യാത്ര. നോട്ടടിക്കാനായി ഉപയോഗിക്കുന്ന പ്രിന്റിങ്‌ മെഷീനും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റും പോലീസ് കണ്ടെടുത്തു.

Follow Us:
Download App:
  • android
  • ios