മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയ ഒറ്റപ്പാലം സ്വദേശി അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി നൽകിയ പരാതിയിൽ സൈബർ ക്രൈം പോലീസാണ് പ്രതിയായ അൻസാറിനെ പിടികൂടിയത്. ഇയാൾ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട: മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ ചതിച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40) നെയാണ് പത്തനംതിട്ട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ IPS ന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്.

സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലെ സുമുഖരായ ചെറുപ്പക്കാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയായിരുന്നു പ്രതിയുടെ രീതി. തുടർന്ന് മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടുകയായിരുന്നു. പ്രതിയുടെ മൊബൈൽ നമ്പറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം, മഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും സമാന കുറ്റകൃത്യങ്ങൾക്ക് മുൻപ് അൻസാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.