കോഴിക്കോട് ജില്ലയില്‍ 14 വയസ്സുള്ള 12,467 പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയഗള കാന്‍സര്‍ തടയാന്‍ എച്ച്.പി.വി വാക്‌സിന്‍ നല്‍കി. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഈ പ്രതിരോധ കുത്തിവെപ്പ്, ദേശീയ പട്ടികയില്‍ വാക്സിന്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായുള്ള ക്യാമ്പയിനിന്റെ ഭാഗമാണ്.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 14 വയസ്സ് പ്രായമുള്ള 12,467 പെണ്‍കുട്ടികള്‍ എച്ച്.പി.വി വാക്‌സിന്‍ എടുത്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി സരിത കുമാരി അറിയിച്ചു. ഇതില്‍ 1,307 പേര്‍ക്ക് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ വഴിയാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. ആഗസ്റ്റ് 31 വരെയാണ് ക്യാമ്പയിന്‍ എന്ന രീതിയില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് എന്നതിനാല്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെര്‍വിക്‌സ്) കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍.

ഗര്‍ഭാശയഗള കാന്‍സറിനെതിരായ വാക്സിന്‍ ദേശീയ പ്രതിരോധ കുത്തിവെപ്പ് പട്ടികയിലുള്‍പ്പെടുത്തുന്നതിന് മുന്നോടിയായി 14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സൗജന്യമായി എച്ച്.പി.വി വാക്‌സിന്‍ നല്‍കുന്നത്. 99.7 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) കാരണമാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയള ക്യാന്‍സര്‍. വിപണിയില്‍ 4000 രൂപ വിലവരുന്ന വാക്‌സിനാണ് സൗജന്യമായി നല്‍കുന്നത്. എച്ച്.പി.വി വൈറസ് കാരണമുണ്ടാകുന്ന അണുബാധയില്‍നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികള്‍ വാക്സിന്‍ സ്വീകരിക്കുന്നവരുടെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടും. സമയബന്ധിതമായ വാക്‌സിനേഷനും സെര്‍വിക്കല്‍ സ്‌ക്രീനിങ്ങും വഴി സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കുറക്കാനാവും.