സാധാരണഗതിയിൽ തലയ്ക്കോ കഴുത്തിനോ പരിക്കേൽക്കുന്ന സാഹചര്യത്തിലാണ് കൺകഷൻ നിയമം വഴി പകരം താരത്തെ അനുവദിക്കാറുള്ളത്.
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ആശങ്ക പടർത്തി ഓൾറൗണ്ടർ മിച്ചൽ സാന്റ്നറുടെ പരിക്ക്. മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റ സാന്റ്നർ അടുത്ത മത്സരങ്ങളില്‍ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. അതിനിടെ തോളിന് പരിക്കേറ്റ സാന്റ്നര്‍ക്ക് പകരം ഷാർദുൽ താക്കൂർ 'കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്' ആയി ബാറ്റിംഗിന് ഇറങ്ങിയത് ആരാധകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ പരിശീലകൻ മഹേല ജയവർധനെ.
സിഎസ്കെ ഇന്നിംഗ്സിന്റെ 17-ാം ഓവറിലായിരുന്നു ക്യാച്ചെടുക്കുന്നതിനിടെ സാന്റ്നര്‍ക്ക് പരിക്കേറ്റത്. ബുംറക്കെതിരെ കാർത്തിക് ശർമ്മ അടിച്ച പന്ത് ഡീപ്പിൽ തകർപ്പൻ ഡൈവിംഗ് ക്യാച്ചിലൂടെ സാന്റ്നർ കൈയിലൊതുക്കിയെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ തോളിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് സാന്റ്നർ ഗ്രൗണ്ട് വിട്ടു.
സാധാരണഗതിയിൽ തലയ്ക്കോ കഴുത്തിനോ പരിക്കേൽക്കുന്ന സാഹചര്യത്തിലാണ് കൺകഷൻ നിയമം വഴി പകരം താരത്തെ അനുവദിക്കാറുള്ളത്. എന്നാല്‍ മത്സരശേഷം സാന്റ്നര്‍ക്ക് പകരം ഷാര്‍ദുല്‍ ഇറങ്ങാനിടയാക്കിയ സാഹചര്യം ജയവര്‍ധനെ വിശദീകരിച്ചു. ക്യാച്ച് എടുക്കുന്നതിനിടെ സാന്റ്നറുടെ തലയും കഴുത്തും നിലത്തിടിച്ചിരുന്നു. ഗ്രൗണ്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ സാന്റ്നർക്ക് കടുത്ത തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടു. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത സാഹചര്യമായതിനാലാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനായി ഞങ്ങൾ അപേക്ഷിച്ചത്. മാച്ച് റഫറിയും അമ്പയർമാരും സാഹചര്യം ബോധ്യപ്പെട്ട ശേഷമാണ് ഷാർദുലിനെ കണ്‍കഷന്‍ സബ് ആയി അനുവദിച്ചതെന്ന് ജയവര്‍ധനെ പറഞ്ഞു.
നിലവിൽ സാന്റ്നറെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കിന്റെ ഗൗരവം സ്കാനിംഗ് റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാകൂ. മിച്ചൽ സാന്റ്നറുടെ ബാറ്റിംഗ് കരുത്തിന് തുല്യമായ താരമാണോ ഷാർദുൽ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മഹേലയുടെ മറുപടി. തന്റെ ബാറ്റിംഗ് മികവ് ഷാർദുലിന് തുല്യമാണെന്ന് കേൾക്കുമ്പോൾ മിച്ചലിന് ചിലപ്പോൾ വിഷമം തോന്നിയേക്കാം. പക്ഷേ ആ സമയം ഞങ്ങൾക്ക് മറ്റ് വഴികളില്ലായിരുന്നുവെന്ന് ജയവര്‍ധനെ പറഞ്ഞു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന മുംബൈയ്ക്ക് സാന്റ്നറുടെ അഭാവം വരും മത്സരങ്ങളിൽ വലിയ വെല്ലുവിളിയാകും.
