2014 ലുണ്ടായ പക്ഷിപ്പനി മൂലം താറാവ് കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നല്‍കിയ നഷ്ടപരിഹാരം 3,82,72,805 രൂപയാണ്. ഒറ്റവര്‍ഷത്തെ ഇടവേളയില്‍ വീണ്ടും പക്ഷിപ്പനി വന്നു. ഒന്‍പത് കോടിയോളം രൂപയാണ് കര്‍ഷകര്‍ക്ക് കൈമാറിയത്. 

ആലപ്പുഴ: അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനിമൂലം (Bird Flu) സര്‍ക്കാരിനുണ്ടാകുന്നത് അധിക സാമ്പത്തിക ബാധ്യത. കഴിഞ്ഞ മൂന്ന് തവണയായി ആലപ്പുഴ (Alappuzha) ജില്ലയില്‍ നഷ്ടപരിഹാരമായി നല്‍കിയത് 14 കോടി രൂപയാണ്. നഷ്ടം ചിട്ടപ്പെടുത്തുന്നതില്‍ കൃത്രിമം കടന്നുവരുന്നതായി കര്‍ഷകര്‍ തന്നെ സമ്മതിക്കുന്നു. 2014 ലുണ്ടായ പക്ഷിപ്പനി മൂലം താറാവ് കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നല്‍കിയ നഷ്ടപരിഹാരം 3,82,72,805 രൂപയാണ്. ഒറ്റവര്‍ഷത്തെ ഇടവേളയില്‍ വീണ്ടും പക്ഷിപ്പനി വന്നു. ഒന്‍പത് കോടിയോളം രൂപയാണ് കര്‍ഷകര്‍ക്ക് കൈമാറിയത്. സര്‍ക്കാര്‍ രേഖകളില്‍ താറാവ്, കോഴി, വളര്‍ത്തുപക്ഷികള്‍ എന്നീ ഇനങ്ങളിലായി അഞ്ചരലക്ഷത്തോളം ജീവികളെ കൊന്നുവെന്നാണ് കണക്ക്. 

രോഗംമൂലം ചത്തത് മുപ്പതിനായിരത്തിന് അടുത്താണ്. ഈവര്‍ഷം ജനുവരിയിലും പക്ഷിപ്പനിയെത്തി. നഷ്ടപരിഹാരം നല്‍കിയത് ഒരുകോടി പത്തുലക്ഷത്തിന് അടുത്ത്. നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിലും ഇന്ന് മുതല്‍ താറാവുകളെ കൊന്നൊടുക്കും. തകഴിയില്‍ മാത്രം ചത്തതും കൊന്നതുമായ താറാവുകളുടെ എണ്ണം ഇരുപതിനായിരമായി. ഇത്തരം കണക്കുകളില്‍ കൃത്രിമം ഉണ്ടെന്ന് ഒരു വിഭാഗം കര്‍ഷകര്‍ ആരോപിക്കുന്നു. രോഗലക്ഷണമുള്ള താറാവുകളുടെ സാമ്പിളുകള്‍ ശേഖരിച്ചാലും ഭോപാലിലെ ലാബില്‍ നിന്നാണ് ഇപ്പോഴും ഫലം ലഭിക്കേണ്ടത്. രണ്ടാഴ്ചയോളമാണ് ഇതിന് സമയമെടുക്കുന്നത്. രോഗവ്യാപനത്തിന് ഇതും ഒരു കാരണമാണ്.