സ്‌നേഹത്തിന്റെ കീറുമായി മിരാൻഡയുടെ നായ സൈക്ക അപ്രതീക്ഷമായി ഓടിക്കയറിയത് കണ്ണപ്പനെന്ന അരുൺ ചന്ദ്രന്റെ കോവളത്തുളള വീട്ടിലേക്കായിരുന്നു
തിരുവനന്തപുരം: സ്‌നേഹത്തിന്റെ കീറുമായി മിരാൻഡയുടെ നായ സൈക്ക അപ്രതീക്ഷമായി ഓടിക്കയറിയത് കണ്ണപ്പനെന്ന അരുൺ ചന്ദ്രന്റെ കോവളത്തുളള വീട്ടിലേക്കായിരുന്നു. തന്റെ കൂട്ടായ നായയെ പിടിച്ച് വീട്ടിലേക്ക് തിരികെ എത്തിക്കാനായി അരുൺ ചന്ദ്രന്റെ വീട്ടിലേക്ക് മിയയെന്ന മിരാൻഡയെത്തിയതും നിമിത്തംപോലെ.
കോവളത്തെത്തുന്ന വിനോദസഞ്ചാരികളെ സീ-സർഫിങ് പഠിപ്പിക്കുന്നയാളാണ് അരുൺചന്ദ്രൻ. അരുണിന്റെ വീട്ടിനടുത്താണ് മിരാൻഡയും താമസിക്കുന്നത്. വീട്ടിലെത്തിയ നായക്കുട്ടിയെ അരുൺ ചന്ദ്രൻ പിടിച്ച് തിരികെ കൈമാറുമ്പോൾ മിരാൻഡ പറഞ്ഞു. താങ്കളുടെ പുഞ്ചിരി നിറഞ്ഞ പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു.
വീട്ടിലേക്ക് മടങ്ങുമ്പോൾ മിരാൻഡ കൈയുയർത്തി വീണ്ടും പറഞ്ഞു. താങ്കളുടെ വീട് കാണാനായി വീണ്ടും വരും. ഒരു ദിവസം മിരാൻഡ തന്റെ നായയുമായി അരുണിന്റെ വീട്ടിലെത്തി. അതിഥിയായെത്തിയ മിരാൻഡയെ അരുൺ സ്വീകരിച്ചിരുത്തി. തുടർന്ന് ഇരുവരും കാപ്പിക്കുടിച്ചു. ആ സൗഹ്യദം വളർന്ന് പിന്നീടത് പ്രണയത്തിലെത്തി.
ലോക്ഡൗണിന് മുമ്പായിരുന്നു ഇംഗ്ലണ്ടിൽ നിന്ന് മിരാൻഡ കോവളത്ത് വരുന്നത്. അവിടത്തെ സ്വകാര്യ സംരംഭകയാണ് മിരാൻഡ. സുഹ്യത്തിനൊപ്പമാണ് ഒന്നര വർഷം മുമ്പ് കോവളത്തെത്തിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കോവളത്ത് തങ്ങേണ്ടിവന്നത്. ലോക്ഡൗണിനെ യാത്രമുടങ്ങിയതും കാരണം കോവളത്ത് കഴിയേണ്ടിവന്നു. അരുണിനെ കണ്ടുമുട്ടിയതോടെ ഇരുംവരും പിരിയാൻ കഴിയാത്ത ബന്ധത്തിലേക്കായി.
ഇതിനിടെ മിരാൻഡ ഗർഭിണിയായി. മകന് കുഞ്ഞുപിറക്കാൻ പോകുന്നുവെന്ന് അറിഞ്ഞ് അരുണിന്റെ അമ്മ മഞ്ചുവുൾപ്പെട്ട കുടുംബവും ആഹ്‌ളാദത്തിലായി. അങ്ങനെ രണ്ട് മാസംമുമ്പ് അരുൺ ചന്ദ്രനും മിരാൻഡയ്ക്കും ആദ്യ കൺമണിയായ സായിയെന്ന ആൺകുഞ്ഞ് പിറന്നു. സായി എന്നാണ് കുഞ്ഞിനെ വിളിക്കുന്നത്. മിരാൻഡയുടെ ആഗ്രമനുസരിച്ച് ഇംഗ്ലണ്ടിലെ പാരമ്പര്യമനുസരിച്ച് സായി ആർതർ ലിറ്റിൽഗുഡ് എന്ന ഔദ്യോഗിക പേരുമിട്ടു.

മകന് കുഞ്ഞായതോടെ കുടുംബത്തിന്റെ ആഗ്രഹമനുസരിച്ച് വിവാഹം കഴിക്കാനും നിർദ്ദേശിച്ചു. ഉത്രാട നാളായ വെളളിയാഴ്ച്ച രാവിലെ 8.15 ന് കോവളത്തെ ആവാടുതുറ ദേവിക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും ബന്ധുക്കളുടെ സാന്നിധ്യത്തിൽ അരുൺചന്ദ്രൻ മിരാൻഡയെ വിവാഹം കഴിച്ചു. ഇരുവരെയും ജീവിതത്തിന്റെ കണ്ണികളാക്കുന്നതിന് നിമിത്തമായ വളർത്തുനായ സൈക്കയും തൊട്ടപ്പുറത്ത് കാവൽ നിൽപ്പുണ്ടായിരുന്നു.
