കുറുഞ്ഞിക്കാലത്തോട് അനുബന്ധിച്ച് ജില്ലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. എട്ടുലക്ഷത്തോളം സന്ദര്‍ശകരെയാണ് കുറുഞ്ഞിക്കാലത്ത് ടൂറിസം വകുപ്പ് മൂന്നാറിലേക്ക് പ്രതീക്ഷിക്കുന്നത്.
ഇടുക്കി: നീലകുറുഞ്ഞിക്കാലത്ത് ജില്ലയെ മാലിന്യ വിമുക്തമാക്കുന്നതിന് ഭരണകൂടം നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന്‍റെ നേത്യത്വത്തില്‍ കുറുഞ്ഞിക്കാലത്തോട് അനുബന്ധിച്ച് ജില്ലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. എട്ടുലക്ഷത്തോളം സന്ദര്‍ശകരെയാണ് കുറുഞ്ഞിക്കാലത്ത് ടൂറിസം വകുപ്പ് മൂന്നാറിലേക്ക് പ്രതീക്ഷിക്കുന്നത്.
വിദേശീയരും സ്വദേശീയരുമായ ഇത്രയധികം സന്ദര്‍ശകര്‍ ഒരേ സമയം ഒത്തുകൂടുന്ന സമയം ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നല്‍കുന്ന ഓരോ സന്ദേശവും സംസ്ഥാനത്തിന് ഒന്നാകെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്ക് ജില്ലാ ഭരണകൂടവും വിവിധ പഞ്ചായത്തുകളും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നാളിതുവരെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ജില്ലയിലെ പല പഞ്ചായത്തുകളിലും ഇപ്പോഴും പ്ലാസ്റ്റിക്ക് ബാഗുകളടക്കമുള്ളവ വില്പന നടത്തുന്നുണ്ട്. ഇത്തരം സാഹചര്യം കുറുഞ്ഞിക്കാലത്തോട് അനുബന്ധിച്ച് നിര്‍ത്തലാക്കുന്നതിന് ആദ്യഘട്ടമെന്ന നിലയില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും തുടര്‍ന്ന് ഓഗസ്റ്റ് ഒന്ന് മുതല്‍ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും.
കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേത്യത്വത്തില്‍ കൂടിയ കുറുഞ്ഞി അവലോകന യോഗത്തിലും പ്ലാസ്റ്റിക്ക് നിരോധനം സംമ്പന്ധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് അധിക്യതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സന്ദര്‍ശകര്‍ മൂന്നാറിലേക്ക് പ്രവേശിക്കുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഹെഡ് വര്‍ക്‌സ് ജലാശയത്തിന് സമീപം, ദേവികുളം റോഡിലെ സര്‍ക്കാര്‍ കോളേജിന് സമീപം, മൂന്നാര്‍- ഉടുമല്‍പ്പെട്ട് അന്തര്‍ സംസ്ഥാന പാതയിലെ ഡി.വൈ.എസ്.പി ഓഫീസിന് സമീപം എന്നിവടങ്ങളില്‍ പഞ്ചായത്തിന്‍റെ നേത്യത്വത്തില്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കും.
ഇവിടെയെത്തുന്ന വാഹനങ്ങള്‍ക്ക് പ്ലാസ്റ്റിക്ക് നിരോധനം സംബന്ധിച്ചുള്ള ബുക്ക് ലെറ്റുകളും ലഘുരേഖകളും വിതരണം ചെയ്യും. മൂന്നാറിലെ പ്രധാന വിനോദസഞ്ചാരമേഖലകളായ മാട്ടുപ്പെട്ടി, കുണ്ടള, രാജമല, എക്കോ പോയിന്‍റ് എന്നിവിടങ്ങളില്‍ പോലീസിന്‍റെ സഹായത്തോടെ പരിശോധനകളും ശക്തമാക്കും. വനംവകുപ്പിന്‍റെ നേത്യത്വത്തില്‍ രാജമലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കും. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന നീലകുറുഞ്ഞി സീസന്‍ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമാക്കുന്നതിനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.
