ചെറിയ വര്‍ധനവല്ലേ എന്ന് പറയുമ്പോഴും ഒരു യൂണിറ്റ് നടത്തുന്ന ഒരു വ്യക്തിക്കോ അല്ലെങ്കില്‍ ഒരു ഗ്രൂപ്പിനോ ലക്ഷങ്ങളുടെ വര്‍ധനവാണ് സര്‍ക്കാര്‍ തീരുമാനം സൃഷ്ടിക്കുന്നത്
നീണ്ടകര: തൊഴിലാളികളുടെ മാത്രമല്ല, മുതലാളിമാരുടെയും നടുവൊടിക്കും ഇന്ധന സെസ്. മോദി സർക്കാർ പട്ടം പോലെ പൊട്ടിച്ചുവിട്ട ഇന്ധന വിലയ്ക്ക് മുകളിലാണ് ഇപ്പോൾ പിണറായി സർക്കാരിന്റെ സെസ്. കേന്ദ്ര സര്‍ക്കാര്‍ ഇഞ്ചിഞ്ചായി ചെയ്ത കാര്യം കേരള സര്‍ക്കാര്‍ ഒറ്റയടിക്ക് ചെയ്തുവെന്നതാണ് ഒറ്റ വ്യത്യാസം. ഇന്ധന സെസ് മത്സ്യ ബന്ധന മേഖലയിലെ മുതലാളിമാരെയും വലയ്ക്കുകയാണ്.
മൂന്ന് തരത്തിലുള്ള ബോട്ടുകളാണ് പീറ്റര്‍ മത്തിയാസ് എന്ന ബോട്ട് മുതലാളിക്കുള്ളത്. ചെറിയ ബോട്ട്, ഇടത്തരം ബോട്ട്, വലിയ ബോട്ട് എന്നിവയാണ് അവ. ചെറിയ ബോട്ടിന് ഒരാഴ്ച ഏറ്റവും കുറഞ്ഞത് 1000 ലീറ്റർ ഡീസൽ ആണ് വേണ്ടി വരുന്നത്. ഇതില്‍ നിലവിലെ വര്‍ധന പ്രകാരം അധിക ചെലവ് ആയി വരുന്നത് 2000 രൂപയാണ്. ഒരുമാസം ഏറ്റവും ചുരുങ്ങിയത് 8000 രൂപ അധിക ചെലവ് വരുമെന്ന് പീറ്റര്‍ മത്തിയാസ് പ്രതികരിക്കുന്നു. പത്ത് മാസം ആകുമ്പോള്‍ ഇത് എണ്‍പതിനായിരം രൂപയാകും. ഒരാഴ്ച 2000 ലീറ്റർ ഡീസൽ വേണ്ടി വരുന്ന ഇടത്തരം ബോട്ടിന് ഒരാഴ്ച വരുന്ന അധിക ചെലവ് 4000 രൂപയും മാസം 16000 രൂപയപം പത്ത് മാസത്തില്‍ ഒരുലക്ഷത്തി അറുപതിനായിരം രൂപയുമാണ്. സമാനമായി ഒരാഴ്ച 3000 ലീറ്റർ ഡീസൽ വേണ്ടി വരുന്ന വലിയ ബോട്ടിന് ഒരാഴ്ച 6000 രൂപയും ഒരു മാസം 24000 രൂപയും പത്ത് മാസം കൊണ്ട് രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ വരെയും അധിക ചെലവ് വരും.
ചുരുക്കത്തിൽ ബോട്ടിറങ്ങുന്ന പത്ത് മാസം കൊണ്ട് എൺപതിനായിരം മുതൽ രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ വരെയുള്ള ചെറിയൊരു വർധനവാണ് സെസ് വഴിപിണറായി സർക്കാർ ഈ വ്യവസായ മേഖലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പീറ്റര്‍ മത്തിയാസ് കണക്കുകള്‍ കൊണ്ട് വിശദമാക്കുന്നു. ചെറിയ വര്‍ധനവല്ലേ എന്ന് പറയുമ്പോഴും ഒരു യൂണിറ്റ് നടത്തുന്ന ഒരു വ്യക്തിക്കോ അല്ലെങ്കില്‍ ഒരു ഗ്രൂപ്പിനോ ലക്ഷങ്ങളുടെ വര്‍ധനവാണ് സര്‍ക്കാര്‍ തീരുമാനം സൃഷ്ടിക്കുന്നത്, ഏറ്റവും അധികം ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യ ബന്ധന മേഖലയ്ക്ക് ഇത് ഒട്ടും ആശ്വാസകരമായ ഒരു തീരുമാനമല്ല. യന്ത്രവത്കൃത മത്സ്യ ബന്ധനമേഖലയ്ക്ക് ഒരടിയല്ല സര്‍ക്കാര്‍ നല്‍കിയത് ഇരട്ട പ്രഹരമാണെന്നും പീറ്റര്‍ മത്തിയാസ് കൂട്ടിച്ചേര്‍ക്കുന്നു.

ആരോടെങ്കിലും ചോദിക്കാന്‍ പറ്റുമോ? അഭിമാനം പോകും; ആശങ്കകള്‍ക്കിടയിലും ചിരി വിടാതെ ശശികല
