Asianet News MalayalamAsianet News Malayalam

'കേൾവി ഞങ്ങളുടെ അവകാശം, ഒന്നു കേൾക്കൂ സർക്കാരേ'; ശ്രവണസഹായികൾ നന്നാക്കാനുള്ള ധനസഹായം നിലച്ചു, പ്രതിസന്ധി

ഉപകരണം അപ്ഗ്രേഡ് ചെയ്യാന്‍ പറ്റാതെ കുട്ടികള്‍ പലരീതിയിലുള്ള ബുദ്ധിമുട്ടാണ് നേരിടുന്നത്. സ്കൂളില്‍ പോലും പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്

Funding to repair hearing aids stopped, Cochlear implantis Association and Charitable Society protest
Author
First Published Dec 19, 2023, 7:52 PM IST

കല്‍പ്പറ്റ: കോക്ലിയർ ഇംപ്ലാന്‍റേഷൻ അപ്ഗ്രഡേഷന് തുക കിട്ടാത്തതുമൂലം പ്രതിസന്ധി നേരിടുന്നതായി ആരോപണം. മതിയായ സഹായവും സൗകര്യവും ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കളും കുട്ടികളും കൽപ്പറ്റയിൽ പ്രതിഷേധിച്ചു. ശ്രവണസഹായികള്‍ നന്നാക്കാന്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായം ലഭിക്കാതെ ബുദ്ധിമുട്ടിലാണിവര്‍. കോക്ലിയര്‍ ഇംപ്ലാന്‍റീസ് അസോസിയേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി (സിയാക്സ് ) സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നവകേരള  സദസിലും നിവേദനം നല്‍കിയിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് അനുകൂല നടപടി എത്രയും വേഗമുണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍. 


കേൾവി പ്രതിസന്ധി നേരിടുന്നവർക്കാണ് ക്ലോക്കിയർ ഇംപ്ലാൻ്റേഷന്‍ ചെയ്യുന്നത്. ഇത് ഘടിപ്പിക്കുന്നതോടെ കുട്ടികൾക്ക് കേൾക്കാനാകും. ഇത് കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാകും. കേള്‍വി ശേഷിക്കൊപ്പം തന്നെ കുട്ടികളുടെ സംസാരശേഷിക്കും നിര്‍ണായകമാണ്. കുട്ടികളുടെ ജീവിതത്തില്‍ പുതിയ വെളിച്ചം തീര്‍ക്കുന്ന ഈ ഉപകരണത്തിന് കാലപ്പഴക്കം മൂലം കേടുപാടുണ്ടാകുന്നതാണ് പ്രതിസന്ധി. ഇതിന്‍റെ അറ്റകുറ്റപ്പണിക്ക് ഭീമമായ തുക ആവശ്യമാണ്. അതിന് സര്‍ക്കാര്‍ സഹായം ലഭ്യമാകേണ്ടതുണ്ട്.

ഉപകരണം അപ്ഗ്രേഡ് ചെയ്യാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിിലും ഇതിനുള്ള തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വൈകുകയാണെന്നും പലകാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയാണെന്നും അസോസിയേഷന്‍ അംഗവും രക്ഷിതാവുമായ സിപി റഷീദ് പറയുന്നു. ഉപകരണം അപ്ഗ്രേഡ് ചെയ്യാന്‍ പറ്റാതെ കുട്ടികള്‍ പലരീതിയിലുള്ള ബുദ്ധിമുട്ടാണ് നേരിടുന്നത്. സ്കൂളില്‍ പോലും പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.  അറ്റകുറ്റപണിക്ക് വലിയ വിലയാണ് വരുന്നതെന്നും സര്‍ജറി കഴിഞ്ഞശേഷം നാലുവര്‍ഷം വരെയാണ് വാറന്‍റിയുള്ളതെന്നും രക്ഷിതാവായ റഷീദ് വാളാട് പറയുന്നു. വാറന്‍റി കഴിഞ്ഞശേഷം വരുന്ന അറ്റകുറ്റപ്പണി നടത്താന്‍ വലിയ തുകയാണ് വരുന്നത്. ഇതിന് സര്‍ക്കാര്‍ സഹായം കൂടിയെ തീരു.

ഓരോ പഞ്ചായത്തും ഇതിനായി അമ്പതിനായിരം രൂപ വീതം വകയിരുത്തണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പല പഞ്ചായത്തുകളും ഇതിന് തയ്യാറായിട്ടില്ലെന്നും റഷീദ് വാളാട് പറഞ്ഞു. ഉപകരണത്തിന് ഈടാക്കുന്ന നികുതിയിലും ഇളവ് വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ഉപകരണത്തിന്‍റെ ജിഎസ്ടി അഞ്ചു ശതമാനമാണെന്ന് പറയുന്നുണ്ടെങ്കിലും 28ശതമാനത്തിലധികമാണ് ഈടാക്കുന്നതെന്ന രക്ഷിതാവായ ഡിക്സണ്‍ പറഞ്ഞു. 2012ൽ ഉമ്മൻചാണ്ടി സർക്കാരാണ് ശ്രവണ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സംസ്ഥാനത്ത് ശ്രുതി തരംഗം പദ്ധതി നടപ്പാക്കിയത്.

പ്രതിപക്ഷ എംപിമാർക്കെതിരായ നടപടി, 22ന് രാജ്യവ്യാപക പ്രതിഷേധം; ഖർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് നിർദേശം


 

Latest Videos
Follow Us:
Download App:
  • android
  • ios