Asianet News MalayalamAsianet News Malayalam

ഫ്രൈഡ്‌റൈസില്‍ ചിക്കന്‍ കുറഞ്ഞു; റിസോര്‍ട്ടില്‍ അതിക്രമം നടത്തി സംഘം

 ഫ്രൈഡ്രൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സംഘത്തില്‍ ഒരാള്‍ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. 

gang attacked nedumkandam resort due to chicken pieces in fried rice
Author
First Published Sep 16, 2022, 7:20 AM IST

നെടുങ്കണ്ടം: ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയതിനെ ചൊല്ലി റിസോര്‍ട്ടില്‍ അതിക്രമം നടത്തി മദ്യപ സംഘം. രാമക്കല്‍മെട്ടിലെ സിയോണ്‍ ഹില്‍സ് റിസോര്‍ട്ടിലാണ് മദ്യപ സംഘം അക്രമം അഴിച്ചു വിട്ടത്. റിസോര്‍ട്ടിലെ ടേബിളും പ്ലേറ്റുകളും ഉള്‍പ്പെടെ സംഘം അടിച്ചു തകര്‍ത്തു. ജീവനക്കാരനെ കൈയേറ്റം ചെയ്യാനും ശ്രമം നടന്നു. 

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യപ സംഘം റിസോര്‍ട്ടില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് രാത്രി 11 ഓടെ സംഘം റിസോര്‍ട്ടിലെത്തി ഭക്ഷണം കഴിച്ചു. ഇതിനിടയിലാണ് ഫ്രൈഡ്രൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സംഘത്തില്‍ ഒരാള്‍ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. 

ഇതിനിടെ കൂട്ടത്തിലുണ്ടായിരന്നവര്‍ ടേബിളുകള്‍ക്കും കേടുപാടുകള്‍ വരുത്തി. ഇതിനിടയില്‍ ജീവനക്കാരനായ അനു മാത്യുവിന്‍റെ കൈപിടിച്ച് തിരിക്കുവാനും മര്‍ദ്ദിക്കുവാനും ശ്രമം ഉണ്ടായി. ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്. 

സംഘത്തിലെ ഒരാളുടെ കൈ മുറിഞ്ഞ് പരുക്കേറ്റതായും ജീവനക്കാരന്‍ പറഞ്ഞു. റിസോര്‍ട്ടിനുള്ളില്‍ രക്തം തളംകെട്ടി കിടന്നിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസില്‍ റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് നെടുങ്കണ്ട പോലീസ് അറിയിച്ചിട്ടുണ്ട്. 

എന്നാല്‍ തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല നല്‍കിയതെന്നും അതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുക മാത്രമാണ് ചെയ്തതെന്നും ടേബിള്‍ തകര്‍ത്തിട്ടില്ലന്നും ആരോപണ വിധേയരായ യുവാക്കളും പറഞ്ഞു.

വില്‍പ്പനക്ക് വെച്ച ബീഫില്‍ മണ്ണെണ്ണ ഒഴിച്ച് പഞ്ചായത്ത് അധികൃതര്‍; പ്രതിഷേധവുമായി നാട്ടുകാര്‍

മലപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊന്നു, കാരണം കുടുംബവഴക്കെന്ന് സംശയം, അറസ്റ്റ്

Follow Us:
Download App:
  • android
  • ios