എറണാകുളം: ആദിവാസി യുവാവിനെയും സുഹൃത്തിനെയും നടുറോഡിൽ ക്രൂരമായി മർദ്ദിച്ചിട്ടും പൊലീസ് സഹായിച്ചില്ലെന്ന് പരാതി. തൃശ്ശൂർ ആറ്റൂർ സ്വദേശി ജിജേഷിനെയും സുഹൃത്തിനെയുമാണ് നാലം​ഗ സംഘം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് എറണാകുളം കല്ലൂക്കാട് സ്റ്റേഷനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കൾ പരാതി നൽകി.

തൊടുപുഴയിൽ നിന്നും കച്ചവടം കഴിഞ്ഞു മടങ്ങുമ്പോഴാണ് ജിജേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം  ഒരു കാറിൽ ഇടിച്ചത്. വാക്കുതർക്കത്തെ തുടർന്ന് കാറിൽ സഞ്ചരിച്ചിരുന്ന നാലുപേർ ഇവരെ ക്രൂരമായി മർദ്ദിച്ചു. പിന്നീട് കല്ലൂക്കാട് സ്റ്റേഷനിൽ പോയെങ്കിലും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും അസഭ്യം പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു.

മർദ്ദിച്ചവർ മദ്യലഹരിയിൽ ആയിരുന്നിട്ടും കേസ് എടുക്കാനോ,  വൈദ്യ പരിശോധനകൾക്കു വിധേയമാക്കാനോ തയ്യാറായില്ല. സഹായം അഭ്യർത്ഥിച്ച് വിളിച്ച നാട്ടുകാരോട് ഇനി ഇങ്ങോട്ടു വിളിക്കേണ്ട എന്ന് പൊലീസ് പറഞ്ഞതായും പരാതിയിൽ പറയുന്നു.

സ്റ്റേഷന് പുറത്തിറങ്ങിയ തന്നെ 15 ഓളം പേർ മർദ്ദിച്ചപ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ജിജേഷ് പറയുന്നു. തൃശ്ശൂ‍ർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജിജേഷിന് തോളേല്ലിനും കഴുത്തിനും സാരമായ പരിക്കുണ്ട്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് കല്ലൂക്കാട് സ്റ്റേഷൻ എസ്ഐയുടെ വിശദീകരണം.