മലപ്പുറം: കഞ്ചാവ് കേസിൽ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. ഇന്ത്യനൂർ സ്വദേശി സുഹൈലിനെ കോട്ടക്കൽ പൊലീസ് ബംഗളുരുവിൽ നിന്നാണ് പിടികൂടിയത്.  മണ്ണാർക്കാട് സ്റ്റേഷനിലെ എസ്ഐ കമറുദ്ദീനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
 
കഞ്ചാവ് കേസിൽ ഉൾപ്പെട്ട സുഹൈലിനെ തേടി കഴിഞ്ഞ മാസം പതിനഞ്ചിന് മണ്ണാർക്കാട് എസ്ഐ യും സംഘവും മലപ്പുറം ചട്ടിപ്പറമ്പിൽ എത്തിയിരുന്നു. ആവശ്യക്കാരെന്ന് ധരിപ്പിച്ചാണ് പൊലീസ് എത്തിയത്. ഇതോടെ സുഹൈൽ വലയിലായി. പിടിയിലായെന്ന്  ഉറപ്പായതോടെ പ്രതി കത്തിവീശുകയായിരുന്നു.  പൊലീസുകാരന്റെ ഇടതു കൈക്കാണ് കുത്തേറ്റത്. തുടർന്ന് ഒളിവിൽ പോയ ഇയാൾക്കായി കോട്ടക്കൽ പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. 

‌പിടികൂടുമ്പോഴും ഇയാളുടെ കയ്യിൽ കഞ്ചാവ് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.