ആക്രമണം നടത്തിയ ലതീഷ് ഓടി രക്ഷപ്പെട്ടു, ശ്യാമിനെ അറസ്റ്റ് ചെയ്തു, ഔദ്യാഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് ഇരുവർക്കുമെതിരെ കേസെടുത്തെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കോഴിക്കോട്: പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസ് കഞ്ചാവ് കേസ് പ്രതിയും സുഹൃത്തും ചേർന്ന് അടിച്ചു തകർത്തു. പേരാമ്പ്ര സ്വദേശികളായ ലതീഷും സുഹൃത്ത് ശ്യാമുമാണ് വൈകീട്ടോടെ ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഓഫീസിന്‍റെ ബോർഡും ചില്ലും അടിച്ചു തകർക്കുകയും ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കേസെടുത്ത പേരാമ്പ്ര പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ പരിശോധനയില്‍ നരയംകുളം സ്വദേശിയായ ലതീഷിനെ 55 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. ലതീഷിന്‍റെ ചിത്രംസഹിതം ചില മാധ്യമങ്ങൾ ഇത് വാർത്തയായി നല്‍കി. തുടർന്നാണ് കേസില്‍ ജാമ്യത്തിലിറങ്ങിയ ലതീഷ് സുഹൃത്തായ കായണ്ണ സ്വദേശി ശ്യാമിനെയും കൂട്ടി പേരാമ്പ്ര എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടറുടെ ഓഫീസിലെത്തിയത്. 

ഇരുവരും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഓഫീസിന്‍റെ ബോർഡുകളും ചില്ലുകളും അടിച്ചു തകർക്കുകയും ചെയ്തു. ശേഷം ലതീഷ് ഓടി രക്ഷപ്പെട്ടു. ശ്യാമിനെ തടഞ്ഞുവച്ച എക്സൈസ് ഉദ്യോഗസ്ഥർ പോലീസില്‍ എല്‍പിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ ഔദ്യോഗിക കൃത്യനിർവണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് പോലീസ് കേസെടുത്തത്. ലതീഷിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona