കഞ്ചാവ് കേസില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരന്‍ പിടിയില്‍; അറസ്റ്റ് ഒരു വർഷത്തിന് ശേഷം
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരനായ ഇയാൾ കഞ്ചാവ് കേസിൽ ഉൾപ്പെട്ടത് വലിയ വിവാദമായിരുന്നു.
പത്തനംതിട്ട: കഞ്ചാവ് കേസിൽ ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ യുവാവിനെ എക്സൈസ് പിടികൂടി. പത്തനംതിട്ട സ്വദേശി നസീബ് സുലൈമാൻ ആണ് പിടിയിൽ ആയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരനായ ഇയാൾ കഞ്ചാവ് കേസിൽ ഉൾപ്പെട്ടത് വലിയ വിവാദമായിരുന്നു.
കഴിഞ്ഞ കൊല്ലം നവംബറിലാണ് നസീബ് സുലൈമാന്റെ വീട്ടിൽ നിന്ന് രണ്ടരക്കിലോ കഞ്ചാവ് എക്സൈസ് പിടികൂടുന്നത്. അന്ന് മുതൽ ഇയാൾ ഒടുവിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇലന്തൂർ പരിയാരത്തുള്ള ബന്ധുവീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നഗരത്തിൽ ഇയാൾ ഒളിവിൽ കഴിഞ്ഞ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു. അവിടെ നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവ് വീണ്ടും കണ്ടെടുത്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ സഹോദരനാണ് നസീബ്. കേസ് രാഷ്ട്രീയ വിവാദം ആയപ്പോൾ സഹോദരനുമായി ഒരു ബന്ധവുമില്ലെന്ന് നഹാസ് വ്യക്തമാക്കിയിരുന്നു. നസീബ് ഇപ്പോഴും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹി ആണെന്ന ആരോപണം യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം നിഷേധിച്ചു.