തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിക്കൊണ്ട് വന്ന 80 കിലോ കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിലായി. മധുര സ്വദേശികളായ വൈരമുത്തു, മലൈചാമി എന്നിവരെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.

സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. നേമം പള്ളിച്ചലിൽ വാഹനപരിശോധനയ്ക്കിടെയാണ് വിപണിയിൽ 20 ലക്ഷം വില വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. 

ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴിയാണ് പ്രതികൾ കേരളത്തിലേക്ക് കഞ്ചാവ്  എത്തിച്ചത്. 'ഓപ്പറേഷൻ കോബ്ര'യുടെ ഭാഗമായി പിടിയിലായ മയക്കുമരുന്ന് സംഘത്തിൽ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.