എക്സൈസിൻറെ പതിവ് പരിശോധനയിൽ കോയമ്പത്തൂ൪- പാലക്കാട് കെഎസ്ആർടിസി ബസിൽ നിന്നാണ് യാത്രക്കാരനായ ലിജോയെ എക്സൈസ് പിടികൂടിയത്.

പാലക്കാട്: സംസ്ഥാനത്തെ തീരമേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയിൽ. വയനാട് നെന്മേനി സ്വദേശി ലിജോ ജോയ് വ൪ഗീസ് ആണ് പാലക്കാട് വാളയാറിൽ എക്സൈസ് പിടിയിലായത്. എക്സൈസിൻറെ പതിവ് പരിശോധനയിൽ കോയമ്പത്തൂ൪- പാലക്കാട് കെഎസ്ആർടിസി ബസിൽ നിന്നാണ് യാത്രക്കാരനായ ലിജോയെ എക്സൈസ് പിടികൂടിയത്. ഇയാളിൽ നിന്നും 50,000 രൂപ വില വരുന്ന ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു.

ഒഡിഷയിൽ നിന്നും കുറഞ്ഞ വിലയിൽ വാങ്ങിയ ശേഷം ആലപ്പുഴയിലെ തുമ്പോളി കടപ്പുറം മേഖലയിൽ കച്ചവടത്തിനായി കൊണ്ടുപോവുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. തീരമേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നവരിൽ മുഖ്യകണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. നിരവധി ലഹരിക്കടത്ത് കേസുകളിൽ പ്രതിയാണ് ഇയാളെന്നും എക്സൈസ് പറയുന്നു.

എക്സൈസ് ഇൻസ്‌പെക്ടർ പ്രസാന്ത് പി ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ്‌ ഷെരീഫ് പിഎം, പ്രഭ ജി, പ്രിവന്റീവ് ഓഫീസ൪മാരായ കെ പി രാജേഷ്, മനോജ്‌ പി എസ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന എന്നിവരാണ് പ്രതിയെ പിടികൂടിയത്.