എസ് എൻ പുരം സ്വദേശിയുടെ സാംസങ് എസ് 25 അൾട്ര എന്ന മൊബൈൽ ഫോൺ ഒഎൽഎക്സിൽ വിൽപ്പനയ്ക്കായി ഇട്ടിരുന്നു
തൃശൂർ: ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേനയെത്തി ഫോൺ കവർച്ച ചെയ്തു കൊണ്ടു പോയ പ്രതി അറസ്റ്റിൽ. ചെന്ത്രാപ്പിള്ളി പള്ളിയിൽ വിഷ്ണു (24) വിനെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16 ന് തൃപ്രയാർ സെന്‍ററിന് വടക്ക് വശത്തുള്ള പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം. എസ് എൻ പുരം സ്വദേശിയുടെ സാംസങ് എസ് 25 അൾട്ര എന്ന മൊബൈൽ ഫോൺ ഒഎൽഎക്സിൽ വിൽപ്പനയ്ക്കായി ഇട്ടിരുന്നു. ഇതു വാങ്ങാനെന്ന വ്യാജേനെ വിഷ്ണു തൃപ്രയാറിലേക്ക് ഉടമയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഫോൺ പരിശോധിക്കുന്നതിനിടെ മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു. ഉടമയുടെ പരാതിയിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പ്രതി പിടിയിലായി. വിഷ്ണു മൊബൈൽ ഷോപ്പുകളിൽ ഫോൺ വാങ്ങുന്നതിന് വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് പറ്റിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.
വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ അനിൽ കുമാർ, സബ് ഇൻസ്പെക്ടർ എബിൻ, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



