വീടിന് സമീപമുള്ള 30 സെന്‍റില്‍ ഏഴുമാസം മുമ്പ് തുടങ്ങിയതാണ് പത്തുമണി കൃഷി. തണലുള്ള സ്ഥലങ്ങളിൽ ചകിരിയും മണലും ചാണകപ്പൊടിയും കലർത്തി ഗ്രോബാഗുകളിലും നിലത്തുമാണ് കൃഷി. 

തിരുവനന്തപുരം: പല നിറത്തില്‍ പല രൂപത്തില്‍ സുഗന്ധം പരത്തി വീട്ടുമുറ്റത്ത് അലങ്കാരമായി പ്രകൃതി നിറഞ്ഞ് നില്‍ക്കുന്നത് ആര്‍ക്കാണ് ഇഷ്ട്ടമില്ലാത്തത്. വെള്ളനാട് കുതിരകുളം മുഴുവന്‍കോട് രാജീവ് ഭവനില്‍ എ എസ് സുജിത്രയുടെ വീട്ടിലെത്തിയാല്‍ പ്രകൃതി സ്നേഹികളുടെ കണ്ണൊന്ന് തള്ളും. വിവിധ ഇനങ്ങളിലുള്ള ഇരുന്നൂറിലധികം പത്തുമണി ചെടിയുടെ വൻ ശേഖരമാണ് ഇവിടുള്ളത്.

വീടിന് സമീപമുള്ള 30 സെന്‍റില്‍ ഏഴുമാസം മുമ്പ് തുടങ്ങിയതാണ് പത്തുമണി പൂവിന്‍റെ കൃഷി. തണലുള്ള സ്ഥലങ്ങളിൽ ചകിരിയും മണലും ചാണകപ്പൊടിയും കലർത്തി ഗ്രോബാഗുകളിലും നിലത്തുമാണ് കൃഷി. തൈകള്‍ വളർന്നതിന് ശേഷം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി നാടും. പൂക്കള്‍ കാണുവാനും ചെടികൾ വാങ്ങുവാനും ഒട്ടേറെ പേർ ജില്ലയ്ക്ക് പുറത്തു നിന്നും ഇവിടെ എത്തുന്നുണ്ട്. 

10 രൂപ മുതൽ 75 രൂപ വരെയാണ് ചെടികളുടെ വില. ഓൺലൈൻ വഴിയാണ് കൂടുതലും വില്‍പ്പന നടക്കുന്നത്. ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് തൈകൾ സ്പീഡ് പോസ്റ്റ് വഴി അയച്ചു നൽകാറാണ് പതിവ്. കേരളത്തിൽ ഒരിടത്തും ഇത്രയും അധികം പത്തുമണി ഇല്ല എന്നാണ് സുജിത്രയുടെ ഭര്‍ത്താവ് രാജീവ് പറയുന്നത്. സ്പിപിയർമിന്‍റ്, സിൻഡ്രല, ടിയാറ, ബനാനയെല്ലോ, ആനിയറിൻ, ടോൻലി തുടങ്ങിയ ഇനങ്ങളാണ് കാഴ്ചക്കാരെ വളരെയേറെ വിസ്മയിപ്പിക്കുന്നത്. അതിരാവിലെ തന്നെ സുജിത്ര കൃഷിയിടത്തിൽ കാഴ്ച്ചക്കാരുടെ തിരക്കാണ്.