ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും കത്തി നശിച്ചു. ഗ്യാസ് ലീക്കായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കം നാലു പേർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

കാസർകോട്: തൃക്കരിപ്പൂരിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി കൂലേരിയിലെ കെ പി നിസാറിന്‍റെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ വീടിന്റെ ഉൾഭാഗം മുഴുവനായും കത്തി നശിച്ചു. ഇന്ന് വൈകിട്ടോടെ ആയിരുന്നു അപകടം. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുകയും തുടർന്ന് തീപടർന്നു പിടിച്ച് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഉൾവശം പൂർണ്ണമായും തകരുകയും ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തി ചാമ്പലാകുകയും ചെയ്തു. അപകട സമയത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാലു പേർ വീട്ടിലുണ്ടായിരുന്നു. ഗ്യാസ് ലീക്കായി തീ ആളിപ്പടരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി.

വീട്ടുകാർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാ വിഭാഗം ഏറെ പരിശ്രമിച്ചാണ് തീ പൂർണ്ണമായി അണച്ചത്.