Asianet News MalayalamAsianet News Malayalam

ലഭ്യത കുറയുന്നു; ഇഞ്ചി, നേന്ത്രക്കായ എന്നിവയ്ക്ക് വരുംനാളുകളില്‍ വില ഉയരുമെന്ന് റിപ്പോർട്ട്

ലോക്ക്ഡൗൺ മൂലം ഇത്തവണ പലയിടങ്ങളിലും കൃഷി മുടങ്ങി. കൃഷി ചെയ്തവരാകട്ടെ പതിവിലും വൈകിയാണ് വിത്തിട്ടത്. ഇക്കാരണം കൊണ്ടുതന്നെ ഉത്പാദനം വന്‍തോതില്‍ കുറയും. 

Ginger and banana rate will go up in the coming days
Author
Wayanad, First Published Jun 15, 2020, 9:09 PM IST

കല്‍പ്പറ്റ: കൊവിഡ്-19 പ്രതിരോധത്തെ തുടര്‍ന്ന് താളം തെറ്റി കാര്‍ഷികമേഖലയും. ഇഞ്ചി, നേന്ത്രക്കായ എന്നിവക്ക് വരും നാളുകളില്‍ കടുത്ത ക്ഷാമം അനുഭവപ്പെടുമെന്നാണ് വയനാട്ടിലെ പ്രാദേശിക വിപണികളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കര്‍ണാടകയെ ആശ്രയിച്ചായിരുന്നു ജില്ലയിലെ ഇഞ്ചിവില നിര്‍ണയിച്ചിരുന്നത്. എന്നാല്‍ ആവശ്യത്തിന് ഇഞ്ചി ഇപ്പോള്‍ കിട്ടാനില്ല എന്നതാണ് സ്ഥിതി.

ലോക്ക്ഡൗൺ മൂലം ഇത്തവണ പലയിടങ്ങളിലും കൃഷി മുടങ്ങി. കൃഷി ചെയ്തവരാകട്ടെ പതിവിലും വൈകിയാണ് വിത്തിട്ടത്. ഇക്കാരണം കൊണ്ടുതന്നെ ഉത്പാദനം വന്‍തോതില്‍ കുറയും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇഞ്ചിയുടെ സ്ഥിരമായ ഉപയോഗം പ്രതിരോധശേഷി കൂട്ടുമെന്ന് സാമൂഹിക മാധ്യമങ്ങള്‍വഴിയുള്ള പ്രചാരണം വിലനിലവാരത്തെയും വില്‍പ്പനയെയും സ്വാധീനിച്ചിട്ടുണ്ടെന്ന് ഈ മേഖലയില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 

നിലവില്‍ കര്‍ണാടകയില്‍ 60 കിലോ വരുന്ന ഒരു ചാക്ക് ഇഞ്ചി 4500 രൂപക്ക് വരെയാണ് വ്യാപാരം നടക്കുന്നത്. വയനാട്ടിലിത് നാലായിരത്തിനടുത്താണ്. കഴിഞ്ഞ വര്‍ഷം ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ 10,000 രൂപ വരെയായിരുന്നു പഴയ ഇഞ്ചിയുടെ വില. പിന്നീട് ഒക്ടോബറില്‍ പുതിയ ഇഞ്ചി വിപണി കൈയ്യടക്കിയതോടെ 3000 രൂപയിലേക്ക് വില കൂപ്പുകുത്തി. വയനാട്ടില്‍ ഇത്തവണ പതിവില്‍ കൂടുതല്‍ പേര്‍ ഇഞ്ചി കൃഷിയിറക്കിയിട്ടുണ്ട്. 

മാസങ്ങള്‍ക്ക് മുമ്പ് അങ്ങേയറ്റം പരിതാപകരമായിരുന്നു നേന്ത്രവാഴ കര്‍ഷകരുടെ അവസ്ഥ. എന്നാല്‍ പച്ചക്കായുടെ വില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരികള്‍ പറഞ്ഞു. നിലവില്‍ 26 രൂപയാണ് കിലോ പച്ചക്കായുടെ മൊത്തവില്‍പ്പന വില. വയനാട്ടിലെ ക്ഷാമം മറികടക്കാന്‍ കര്‍ണാടകയെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ജില്ലയില്‍ പൊതുവില്‍ നേന്ത്രവാഴകര്‍ഷകര്‍ കൂടിയിട്ടുണ്ട്. വരും നാളുകളില്‍ വില ഉയരുമെന്നതാണ് പലരും വാഴക്കൃഷിയിലേക്ക് തിരിയാന്‍ കാരണമായിരിക്കുന്നത്. അതേ സമയം പോയ വര്‍ഷത്തിലും കുറവാണ് ഇത്തവണ ചേന കൃഷി ചെയ്തവരുടെ എണ്ണം. അതിനാല്‍ തന്നെ ചേന വിപണിയിലെത്താന്‍ സമയമായെങ്കിലും ക്ഷാമമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുതിയ ചേനയുടെ തുടക്കത്തിലെ ശരാശരി നിലവാരം 2500 രൂപയായിരുന്നു.

Follow Us:
Download App:
  • android
  • ios