കഴിഞ്ഞ തിങ്കളാഴ്ചയാണ് ആലപ്പുഴ ബീച്ചിന് സമീപം ദേശീയപാത ഉയരപ്പാതയുടെ നിർമ്മാണത്തിലിരുന്ന ഗർഡറുകൾ തകർന്ന് വീണത്. 90 ടൺ ഭാരമുള്ള ഗർഡറുകളാണ് വീണത്.
ആലപ്പുഴ: ബീച്ചിനോട് ചേർന്ന് നിർമ്മാണത്തിലുള്ള ദേശീയപാത ഉയരപ്പാതയുടെ ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ പരാതിയുമായി നാട്ടുകാർ. ഗർഡറുകൾ തകർന്നുവീണ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് വിള്ളലുണ്ടായി എന്നാണ് പരാതി. മതിയായ നഷ്ടപരിഹാരം നൽകണമെന്നാണാവശ്യപ്പെട്ട് സ്ഥലം എംപിക്കും ദേശീയപാത അതോറിറ്റിക്കും പ്രദേശവാസികൾ കത്ത് നൽകി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആലപ്പുഴ ബീച്ചിന് സമീപം ദേശീയപാത ഉയരപ്പാതയുടെ നിർമ്മാണത്തിലിരുന്ന ഗർഡറുകൾ തകർന്ന് വീണത്. 90 ടൺ ഭാരമുള്ള ഗർഡറുകളാണ് വീണത്. വീഴ്ചയുടെ ആഘാതത്തിൽ സമീപത്തെ നാലു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗർഡറുകൾ വീണതിന് തൊട്ട് ചേർന്നുള്ള ടോണിയുടെ വീടിന്റെ മതിൽ തകർന്നു. നിർമ്മാണം പൂർത്തിയായി മൂന്ന് വർഷം മാത്രമായ വീടിന്റെ ചുമരുകളിൽ പല ഇടങ്ങളിലും വിള്ളൽ വീണു.
സമീപത്തെ മറ്റ് വീടുകളിലും വിള്ളൽ വീണിട്ടുണ്ട്. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച പശ്ചാത്തലത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയോ കരാർ കമ്പനിയോ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. അതേസമയം ഗർഡറുകൾ തകർന്ന് വീണതിൽ വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയിട്ടില്ല. 15 ദിവസത്തിനുള്ളിൽ ആകും അന്തിമ റിപ്പോർട്ട് നൽകുക. അപകടത്തിന് കാരണം തൊഴിലാളികളുടെ വീഴ്ചയാണെന്ന നിലപാടിലാണ് ദേശീയ പാത അതോറിറ്റി അധികൃതർ.
