അമ്മക്കൊപ്പം ഓട്ടോയിൽ കയറാൻ ശ്രമിക്കവേ അമ്മയുടെ മുമ്പിൽ വെച്ച് ബാലിക കാറിടിച്ചുമരിച്ചു
മലപ്പുറം: അമ്മക്കൊപ്പം ഓട്ടോയിൽ കയറാൻ ശ്രമിക്കവേ അമ്മയുടെ മുമ്പിൽ വെച്ച് ബാലിക കാറിടിച്ചുമരിച്ചു. കുന്നുംപുറം ഇകെ പടിയിലെ നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷര (ആറ്) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടിൽ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്.
വിവാഹച്ചത്തിന് പോകാൻ അമ്മക്കൊപ്പം ഏറെ സന്തോഷത്തിൽ വരികയായിരുന്നു അക്ഷര. അമ്മയ്ക്കൊപ്പം ഓട്ടോയിലേക്ക് കയറാൻ ശ്രമിക്കവേ അമിതവേഗതയിൽ കുന്നുംപുറത്തു ഭാഗത്തു നിന്ന് വന്ന കാർ ആ കുഞ്ഞ് ആഗ്രഹങ്ങളെല്ലാം തകർത്തുകളഞ്ഞു. കാറിടിച്ച് അക്ഷരയുടെ അമ്മയുടെ സഹോദരിപുത്രി കാവനൂരിൽ നിന്നും വിരുന്നെത്തിയ അഭിരാമി (13)ക്കും പരിക്കേറ്റു.
ഇരുവരേയും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷര യുടെ ജീവൻ രക്ഷിക്കാനായില്ല. കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്ഷര. മാതാവ് : സരിത. സഹോദരൻ: അശ്വ രാഗ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.
Read more: ദിവസം കൂലി 500, കൂലിപ്പണിക്കാരന് 37.5 ലക്ഷം രൂപയുടെ ആദായനികുതി നോട്ടീസ്, പൊലീസ് പരാതി നൽകി
അതേസമയം കൊച്ചി പള്ളുരുത്തിയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടായി. പള്ളുരുത്തി സ്വദേശി സുരേഷ് ആണ് മദ്യലഹരിയിൽ കാര്‍ ഓടിച്ചത്. അപകടത്തില്‍ അയൽവാസിയുടെ വീടിന്റെ മതിൽ തകർന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സുരേഷ് ഓടിച്ച കാര്‍ ഇടിച്ച് വീടിന്റെ മതിൽ തകർന്നു. സമീപത്തുണ്ടായിരുന്നു ബൈക്ക് യാത്രികനും കുട്ടികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വൈദ്യപരിശോധനയിൽ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. അപകടം നടക്കുന്ന സമയത്ത് വാഹനത്തിൽ ഇയാളുടെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. സംഭവത്തില്‍ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.
