Asianet News MalayalamAsianet News Malayalam

Rape case : എടപ്പാളിൽ സോഷ്യൽമീഡിയയുടെ അമിത ഉപയോഗം ചോദ്യം ചെയ്ത സഹോദരനെതിരെ പീഡന പരാതി നൽകി പെൺകുട്ടി

ഓൺലൈൻ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈൽ ഫോണിൽ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങൾ സ്ഥാപിച്ചതിനെ ചോദ്യം ചെയ്തതിന് സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി പെൺകുട്ടി.

girl filed a harassment complaint against her brother who questioned her overuse of social media in Edappal
Author
Kerala, First Published Dec 25, 2021, 12:01 AM IST

എടപ്പാൾ: ഓൺലൈൻ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈൽ ഫോണിൽ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങൾ സ്ഥാപിച്ചതിനെ ചോദ്യം ചെയ്തതിന് സഹോദരനെതിരെ (Brother) വ്യാജ പീഡന പരാതി (Rape allegation) നൽകി പെൺകുട്ടി. എടപ്പാൾ പ്രദേശത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് തന്നെ സഹോദരൻ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് ചങ്ങരംകുളം പോലീസിൽ ചൈൽഡ് ലൈൻ മുഖേനപരാതി നൽകിയത്. 

എന്നാൽ പരാതിയിൽ സംശയം തോന്നിയതിനെ തുടർന്ന് ശാസ്ത്രീയമായ അന്വേഷണം നടത്തുകയും തുടർന്ന് വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നുവെന്ന് എസ്എച്ച്ഒ ബശീർ സി ചിറക്കൽ പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സ്‌കൂൾ വിദ്യാർഥിയായ പെൺകുട്ടിക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. എന്നാൽ വീട്ടുകാർ അറിയാതെ സമൂഹമാധ്യമങ്ങളിൽ അക്കൌണ്ടുകൾ ആരംഭിച്ച പെൺകുട്ടി സൗഹൃദങ്ങൾ സ്ഥാപിക്കുന്നത് സഹോദരൻ കണ്ടെത്തി. 

തുടർന്ന് പെൺകുട്ടിയെ ശകാരിക്കുകയും വീട്ടുകാർ മൊബൈൽ ഫോൺ ഉപയോഗം തടയുകയും ചെയ്തു. ഇതിന്റെ ദേഷ്യത്തിലാണ് സഹോദരനെതിരെ വ്യാജ പീഡന പരാതിയുമായി പെൺകുട്ടി ചൈൽഡ് ലൈനിനെ സമീപിച്ചത്. ചൈൽഡ് ലൈനിൽ നിന്ന് കേസ് പൊലീസിന് കൈമാറുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സി ഐ ബശീർ ചിറകലിനായിരുന്നു അന്വേഷണ ചുമതല. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുത്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. 

പിന്നീട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ വൈരുധ്യം കണ്ടെത്തിയതോടെയാണ് സൈക്കോളജിസ്റ്റിന്റെ  സഹായം തേടാൻ തീരുമാനിച്ചതെന്നും സിഐ പറഞ്ഞു. വൈദ്യപരിശോധന നടത്തിയപ്പോൾ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിയുകയും ചെയ്തു. തുടർന്ന് മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ നടത്തിയ കൗൺസിലിങ്ങിലാണ് സംഭവത്തിന്റെ യഥാർഥ വിവരങ്ങൾ പെൺകുട്ടി തുറന്നുപറയുന്നത്. ഇത്തരത്തിൽ വ്യാജ പരാതികൾ ധാരാളം വരുന്നതിനാലാണ് ശാസ്ത്രീയമായി കേസ് അന്വേഷിക്കാൻ തീരുമാനിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios