'മാറത്ത് കൈവെച്ചിട്ട് മനസറിയാനാണെന്ന് പറയും, അയാൾടെ സ്വഭാവം വെച്ചിട്ട് നോക്കുവാണെങ്കി ഇതിലപ്പുറവും ചെയ്യും'
കരാട്ടെ പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞാണ് അതിക്രമത്തിനിരയാക്കുന്നത്. ക്ലാസിൽ ഒപ്പമുണ്ടാകാറുള്ള അധ്യാപികയും ഇതിന് കൂട്ടുനിന്നു. എടവണ്ണപ്പാറയിൽ മരിച്ച പെൺകുട്ടിയേയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിക്കറിയാമെന്നും അതിജീവിത പറയുന്നു.
മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെയും കുട്ടികളോടോ മോശമായി പെരുമാറിയെന്ന പരാതികളുയർന്നിട്ടുണ്ട്. മുമ്പും ഇയാൾ അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്തിട്ടുണ്ട്. എടവണ്ണപ്പാറയിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകൻ മറ്റു കുട്ടികളെയും നിരന്തരം പീഡിപ്പിച്ചെന്ന് അതിജീവിതയായ പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
17 കാരിയുടെ മരണത്തെത്തുടർന്നാണ് ഊർക്കടവിലെ കരാട്ടെ ക്ലാസിൽ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നു പറച്ചിലുമായി കുട്ടികള്‍ രംഗത്തെത്തിയത്. കരാട്ടെ പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞാണ് അതിക്രമത്തിനിരയാക്കുന്നത്. ക്ലാസിൽ ഒപ്പമുണ്ടാകാറുള്ള അധ്യാപികയും ഇതിന് കൂട്ടുനിന്നു. എടവണ്ണപ്പാറയിൽ മരിച്ച പെൺകുട്ടിയേയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിക്കറിയാമെന്നും അതിജീവിത പറയുന്നു.
''ആദ്യം പേരന്റ്സിന്റെ വിശ്വാസമാണ് നേടിയെടുക്കുക. എന്റെ മോളെപ്പോലെ നോക്കും എന്നാണ് പറയുക. നെഞ്ചില് കൈവെച്ചിട്ട്, നെഞ്ചിലല്ല, ബ്രെസ്റ്റില് കൈ വെച്ചിട്ട് ഞങ്ങളോട് പറയും, ഞാൻ ബ്രസ്റ്റില് കൈ വെക്കുന്നത് മനസറിയാൻ വേണ്ടിയിട്ടാണ്. മനസറിഞ്ഞാൽ മാത്രമേ എത്രത്തോളം പെർഫോം ചെയ്യാൻ സാധിക്കൂ എന്നറിയാൻ പറ്റൂ. ബ്രീത്തിംഗ് ലെവൽ അറിയാൻ വേണ്ടിയാണ്, ഹാർട്ട് ബീറ്റ് അറിയാൻ വേണ്ടിയാണ്. അതൊക്കെ അറിഞ്ഞാൽ മാത്രമേ ശരിക്ക് പെർഫോം ചെയ്യാൻ പറ്റൂ എന്നൊക്കെ പറഞ്ഞാണ് പഠിപ്പിക്കുക. പിന്നെപ്പിന്നെ ശരീരത്തിന്റെ എല്ലാ ഭാഗത്തും മൂപ്പരുടെ കയ്യെത്തുന്ന സാഹചര്യമാണ് ഉണ്ടായത്. എന്റെ ശരീരത്തില് മൂപ്പര് ടച്ച് ചെയ്യാത്ത ഭാഗമില്ലെന്ന് ഞാൻ തുറന്ന് പറയാം. പരമഗുരു എന്ന് പറഞ്ഞിട്ട് എനിക്ക് പറഞ്ഞു തന്ന ദിവസം അവിടൊരു മിസ് ഉണ്ട്. പേര് എനിക്കോർമ്മയില്ല. മിസിനെ വിളിച്ചിട്ട് മിസിനോട് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു. മിസ് ചുണ്ടത്ത് കിസ് ചെയ്തു. ഇത് കാണിച്ചിട്ട് ഞങ്ങളോട് പറയുവാ. ഇങ്ങനെയാകണം നിങ്ങളും എന്ന്.'' എടവണ്ണപ്പാറയിൽ മരിച്ച പെൺകുട്ടിയെ അറിയാമെന്നും അതിജീവിതയായ പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പീഡനം അസഹനീയമായതോടെ പരാതിയുമായി മുന്നോട്ട് പോയ പെൺകുട്ടിയെ സിദ്ദീഖലിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്നും മൊഴിമാറ്റാൻ പ്രേരിപ്പിച്ചെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം പെൺകുട്ടിയുടേത് കൊലപാതകമെന്ന പരാതിയിൽ പൊലീസ് കുടുംബാഗങ്ങളുടെയും ദൃക്സാക്ഷികളുടേയും മൊഴിയെടുത്തു. സംഭവസമയം സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ട യുവാക്കൾക്കായി അന്വേഷണം ആരംഭിച്ചു.