കോഴിക്കോട്‌: കോഴിക്കോട് കുറ്റ്യാടിയില്‍  ഗ്ലാസ് റാക്ക് മറിഞ്ഞ് വീണ് കടയുടമയ്ക്ക് ദാരുണാന്ത്യം. കുറ്റ്യാടി വയനാട് റോഡിൽ സമീറ ഗ്ലാസ്‌മാർട്ട് ഉടമ വടക്കത്താഴ ജമാൽ (50) ആണ് മരിച്ചത്. അപകടത്തില്‍ ജമാലിന്‍റെ മകന്‍ ജംഷീറിന് പരിക്കേറ്റു.

രാവിലെ കടതുറന്ന് ഗ്ലാസ് കട്ടുചെയ്യുന്നതിനിടെ ഗ്ലാസുകള്‍ അടുക്കി സൂക്ഷിച്ചിരുന്ന റാക്ക് മറിഞ്ഞ് ജമാലിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗ്ലാസ് റാക്കിന്‍റെ സ്റ്റാന്‍റിന് പൊട്ടലുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞത്.. 

ഗ്ലാസിനടിയിൽ കുടുങ്ങിയ ജമാലിനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. മുകള്‍നിലയിലെ ഗ്ലാസ് അട്ടികള്‍ താഴേയ്ക്കു പതിച്ചതാണ് ദുരന്തമായത്. ഫയര്‍ഫോഴ്സ് എത്തിയാണ് ജമാലിന്‍റെ മൃതദേഹം പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ മകന്‍ ജംഷീദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  ജമാലിന്‍റെ മരണത്തില്‍ ആദരസൂചകമായി കുറ്റ്യാടിയില്‍ വ്യാപാരികള്‍ കടയടച്ച് ദുഃഖാചരണം നടത്തി.