അമ്പലപ്പുഴ: ആളില്ലാത്ത വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അമ്പലപ്പുഴ വടക്കേനട മംഗലപ്പള്ളി കെ.പി ശ്രീകുമാറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വ്യാഴാഴ്ച കുടുംബസമേതം ചെന്നൈക്കു പോയ ഇവർ ഞായറാഴ്ച വൈകിട്ടെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. തുടർന്നാണ് അമ്പലപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന 16 പവൻ സ്വർണാഭരണങ്ങൾ, മുപ്പതിനായിരം രൂപ എന്നിവയും എൽസിഡി ടെലിവിഷനും നഷ്ടപ്പെട്ടു. ഇന്നലെ വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇതിൽ ആറ് വിരലടയാളങ്ങൾ കണ്ടെടുത്തു. ഇവ ഒരാളുടേതാണോ എന്നത് പിന്നീട് നടക്കുന്ന വിശദമായ പരിശോധനയിലെ വ്യക്തമാകൂ. ഒന്നിൽ കൂടുതൽ പേർ മോഷണത്തിൽ ഉണ്ടായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

വീടിന്റെ മുൻവാതിൽ പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് ഡോഗ് അമ്പലപ്പുഴ ക്ഷേത്രം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിനു സമീപം വരെയെത്തിയിരുന്നു. സമീപത്തെ നിരീക്ഷണ ക്യാമറകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.