പാണ്ടിക്കാട്: ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ സ്വര്‍ണ്ണ മാല രണ്ടര വര്‍ഷത്തിന് ശേഷം പുഴ തന്നെ തിരിച്ച് നലിയതോടെ തുവ്വൂര്‍ മാതോത്തിലെ പൂക്കുന്നന്‍ നിസാറിന്റെ ഭാര്യ സാജിറയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. 2018 ജൂലൈയില്‍ ഒലിപ്പുഴയിലെ മലവെള്ളപാച്ചില്‍ കാണാന്‍ പോയതാണ് സാജിറ. വെള്ളം കണ്ടതോടെ മുങ്ങിനോക്കിയാലോ എന്നായി ചിന്ത. പക്ഷെ മുങ്ങിയതോടെ കഴുത്തിലെ രണ്ട് പവന്‍ സ്വര്‍ണമാല കാണാതായി. സമീപവാസികളും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

രണ്ട് വര്‍ഷങ്ങളിലെ മഹാപ്രളയങ്ങളും കടന്നുപോയെങ്കിലും ആരാരുമറിയാടെ സ്വര്‍ണ്ണമാല പുഴയില്‍ തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പുഴയില്‍ കുളിക്കാനെത്തിയ അയല്‍വാസിയായ പരപ്പിനിയില്‍ വേലായുധധനാണ് സ്വര്‍ണമാല ലഭിച്ചത്. സാജിറ പറഞ്ഞ അടയാളങ്ങള്‍ മനസ്സിലാക്കി മാല തിരിച്ചു നല്‍കാനും വേലായുധന്‍ മടിച്ചില്ല. ഒരിക്കലും തിരിച്ചു കിട്ടില്ലന്ന് കരുതിയ മാലയാണ് കൂലിപ്പണിക്കാരനായ വേലായുധന്റെ സത്യസന്ധതയിലൂടെ സാജിറക്ക് തിരിച്ച് കിട്ടിയത്.