Asianet News MalayalamAsianet News Malayalam

സ്വര്‍ണപണയ സ്ഥാപനമുടമയെ വണ്ടിയിടിച്ചിട്ട് കവര്‍ച്ച, ഒന്നാം പ്രതിയുടെ ഭാര്യ പിടിയിൽ

യുവതിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് രണ്ട് പവന്റെ സ്വർണ്ണവും നാലരലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

Gold Robbery case woman arrested with four and a half lakhs rupees and gold
Author
Thiruvananthapuram, First Published Aug 12, 2022, 1:22 PM IST

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിലെ സ്വർണ്ണപണയ സ്ഥാപന ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വർണ്ണ പണയ ഉരുപ്പടികളും മൂന്നേമുക്കാൽ ലക്ഷം രൂപയും കവർച്ച നടത്തിയ കേസിൽ ഒരു യുവതി കൂടി പിടിയിൽ. കവർച്ചയുടെ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീൻ സുരേഷിൻറെ (28) ഭാര്യ വിനീഷ(27)യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്.

യുവതിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് രണ്ട് പവന്റെ സ്വർണ്ണവും നാലരലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. കേസിൽ ഒന്നാം പ്രതി നവീൻ സുരേഷ് (28) രണ്ടാം പ്രതി കോട്ടുകാൽ തുണ്ടുവിള വീട്ടിൽ വിനീത്(34), കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ഗോകുൽ എന്ന വിമൽകുമാർ (23) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിൽ ഒന്നാം പ്രതി നവീൻ സുരേഷിനെ കഴിഞ്ഞ ദിവസം വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നായിരുന്നു കവർച്ച ചെയ്ത സ്വർണ്ണവും കുറച്ച് പണവും ഭാര്യയുടെ പക്കലുണ്ടെന്ന് മൊഴി നൽകിയത്. 

സംഭവത്തിനുശേഷം ഒളിവിലായിരുന്ന വിനീഷ നെടുമങ്ങാട് ഉളളതായി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിൽ  കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ നെടുമങ്ങാടുളള ഒരു ജ്വല്ലറയിൽ സ്വർണ്ണം വിൽക്കുന്നതിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്. കുറച്ച് സ്വർണ്ണം ആദ്യം ഒരു ജ്വല്ലറിയിൽ വിറ്റ ശേഷം അതേ നിരയിലുളള മറ്റൊരു ജ്വല്ലറിയിലെത്തി വീണ്ടും സ്വർണ്ണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും കവർച്ച നടത്തിയ സ്വർണ്ണം വിറ്റ വകയിൽ ലഭിച്ച നാലര ലക്ഷം രൂപയാണ് യുവതിയുടെ കൈയിൽ നിന്ന് പിടികൂടിയതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. 

കഴിഞ്ഞമാസം 27 ന് രാത്രിയായിരുന്നു കവർച്ച നടന്നത്. ഉച്ചക്കട ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുക്യതാ ഫൈനാൻസ് നടത്തുന്ന കോട്ടുകാൽ ഉദിനിന്നവിള പുത്തൻ വീട്ടിൽ വയോധികനായ പദ്മകുമാറിന്റെ ആക്രമിച്ചാണ് പ്രതികൾ പണവും സ്വർണ്ണവുമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞത്. അന്ന് കവർച്ച നടത്തിയ മൂന്നേമുക്കാൽ ലക്ഷം രൂപ പ്രതികൾ ആദ്യം തന്നെ വീതം വെച്ച് എടുത്ത് ചെലവാക്കിയതായും ഒന്നാം പ്രതി നവീൻ സുരേഷ് പൊലീസിന് മൊഴി നൽകി. 

കൊലപാതക കേസ്, മോഷണം, പിടിച്ചുപറി തുടങ്ങി തിരുവനന്തപുരം ജില്ലയിലെ സിറ്റി, റൂറൽ പൊലീസ് സ്റ്റേഷനുകളിലായി 18 ഓളം കേസിലെ പ്രതിയാണ് നവീൻ സുരേഷെന്നും കരമനയിൽ നടന്ന കൊലപാതകത്തിലെ കൂട്ടുപ്രതിയാണ് ഇന്ന് പിടിയിലായ യുവതിയെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി പറഞ്ഞു. എസ് എച്ച് ഒ പ്രജീഷ് ശശി, എസ് ഐമാരായ കെ എൽ സമ്പത്ത്, ജി വിനോദ്, ലിജോ പി മണി, വനിതാ എ എസ് ഐമാരായ ചന്ദ്രലേഖ, മൈന, സി പി ഒമാരായ അരുൺ മണി, ഷൈനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios