കടയിലെത്തി കുപ്പിവെള്ളം ചോദിച്ചു; ചുറ്റും നോക്കിയപ്പോൾ ആരുമില്ല; കൊല്ലത്ത് 69കാരിയുടെ 2 പവൻ കവർന്നു; വീഡിയോ
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ഉമ്മന്നൂർ പുലിക്കുഴി ജംഗ്ഷനിൽ വയോധിക കവർച്ചയ്ക്ക് ഇരയായത്.
കൊല്ലം: കൊല്ലം കൊട്ടാരക്കര ഉമ്മന്നൂരിൽ ബൈക്കിലെത്തിയ മോഷ്ടാവ് വയോധികയുടെ മാല പൊട്ടിച്ചു കടന്നു. 69 കാരിയായ കുഞ്ഞുമോൾ ബാബുവാണ് കവർച്ചയ്ക്ക് ഇരയായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ഉമ്മന്നൂർ പുലിക്കുഴി ജംഗ്ഷനിൽ വയോധിക കവർച്ചയ്ക്ക് ഇരയായത്.
ഹെൽമറ്റും മാസ്കും വച്ച് ബൈക്കിലെത്തിയ മോഷ്ടാവ് 69 കാരിയായ കുഞ്ഞുമോളുടെ മാല പൊട്ടിച്ചെടുത്തു. 2 പവനിലധികം വരുന്ന മാലയാണ് കവർന്നത്. പുലിക്കുഴി ജംഗ്ഷനിൽ ചായക്കട നടത്തി വരികയാണ് കുഞ്ഞുമോൾ. കടയ്ക്ക് മുന്നിൽ ബൈക്ക് നിർത്തിയ മോഷ്ടാവ് വയോധികയോട് കുപ്പിവെള്ളം ഉൾപ്പടെയുള്ള സാധനങ്ങൾ ആവശ്യപ്പെട്ടു. കടയ്ക്ക് സമീപം മറ്റാരുമില്ലെന്ന് ഉറപ്പാക്കി വയോധികയുടെ മാലപൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ടു. വയോധിക പിന്നാലെ ഓടിയെങ്കിലും പ്രതി വേഗത്തിൽ കടന്നുകളയുകയായിരുന്നു. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശേഖരിച്ച് കൊട്ടാരക്കര പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്.