'നല്ല ശമ്പളത്തിൽ ഡാറ്റാ എൻട്രി ജോലി', കംബോഡിയയിൽ എത്തി, ചെയ്യേണ്ടത് തട്ടിപ്പ് പണി, മനുഷ്യക്കടത്തിൽ അറസ്റ്റ്
2023 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തൃശൂര്‍: സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്തു നടത്തിയ കേസിലെ പ്രതിയായ പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശി പുത്തൻകുളം വീട്ടിൽ വിമലിനെ (33)യാണ് മണ്ണുത്തി പൊലീസ് പിടികൂടിയത്.
2023 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്ത് ഡാറ്റ എൻട്രി ജോലി നൽകാം എന്ന വാഗ്ദാനം ചെയ്ത് പ്രതി മണ്ണുത്തി സ്വദേശിയിൽ നിന്നും 1,30,000 കൈപ്പറ്റി കംബോഡിയയിലേക്ക് കടത്തിവിട്ടു. കംബോഡിയയിൽ കെടിവി ഗാലഗ്സി വേൾഡ് ( KTV Galaxy world) എന്ന സ്ഥാപനത്തിലെത്തിയ യുവാവിനെ നിർബന്ധിച്ച് ഭീഷണിപെടുത്തി ഫേക്ക് ഐഡികൾ ഉണ്ടാക്കി സൈബർ തട്ടിപ്പു ജോലികൾ ചെയ്യിപ്പിക്കുകയായിരുന്നു.
ജോലിചെയ്യാൻ വിസമ്മതിച്ചപ്പോൾ പാസ്പോർട്ട് തിരികെ കൊടുക്കാതെ സഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ട യുവാവ് ഇന്ത്യൻ എംബസി വഴിയാണ് നാട്ടിലെത്തിയത്. നാട്ടിൽ തിരിച്ചെത്തിയ യുവാവ് മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത ഇൻസ്പെകടർ എം കെ ഷമീറിന്റെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം