തിരുവനന്തപുരം: പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പൊലീസുകാർക്ക് നേരെ നടുറോട്ടിൽ ആക്രമണം. നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട ബിജുവാണ് പൊലീസിെനെ ആക്രമിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

തിരുവനന്തപുരം ജില്ലാ ജയിലിലുള്ള രണ്ട് പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ പോകാനായി ബസ് കാത്തുനിന്ന പൊലീസുകാരെയാണ് ബിജു ആക്രമിച്ചത്. പൊലീസുകാര്‍ ചെറുത്തു. ട്രാഫിക് ജോലിയിലുണ്ടായിരുന്ന പൊലീസുകാര്‍ കൂടിയെത്തിയതോടെയാണ് ഇയാളെ  പിടികൂടാനായത്. 

ബിജു മദ്യലഹരിലായിരുന്നുവെന്ന് നെയ്യാറ്റിൻകര പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതികള്‍ക്ക് ബിജുവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എന്തിനാണ് പൊലീസിനെ ബിജു ആക്രമിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ പൊലീസുകാർക്ക് നേരെ അക്രമം നടന്നിരുന്നു. കഞ്ചാവ് കേസ് പ്രതി സുരേഷ്  കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. അന്തര്‍സംസ്ഥാന മോഷ്ടാവ് ആറു മാസം മുമ്പ് നെയ്യാറ്റിന്‍കരയിൽ വച്ച് തന്നെ ചാടിപ്പോയിരുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകും വഴിയായിരുന്നു ഇത്. സമാനമായ രീതിയിലാണ് വീണ്ടും പൊലീസിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.