റിമാന്‍ഡ് ചെയ്ത ഇയാള്‍ ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം കിട്ടി മുങ്ങുകയായിരുന്നു. പിന്നീട് 10 വ‍ർഷമാണ് പിടികൊടുക്കാതെ പലയിടത്തായി കഴിഞ്ഞത്.

കോഴിക്കോട്: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതിയെ ഒടുവില്‍ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അരിയില്‍കണ്ടം കുട്ടിച്ചാല്‍ ഷംസുദ്ധീന്‍(55) ആണ് പത്ത് വർഷത്തിന് ശേഷം പിടിയിലായത്.

2008ലാണ് കേസിന് ആസ്പദമായ കുറ്റം നടക്കുന്നത്. പേരാമ്പ്ര പോലീസ് കേസ് അന്വേഷിച്ച് ഷംസുദ്ധീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ചു. എന്നാല്‍ പിന്നീട് ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങുകയും പലസ്ഥലങ്ങളില്‍ ആള്‍മാറാട്ടം നടത്തി കഴിയുകയുമായിരുന്നു. കാസര്‍കോട് ഭാഗത്ത് ഷംസുദ്ധീന്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം കഴിഞ്ഞ ദിവസം ബേക്കലിലെ മൗവ്വല്‍ എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ സന്തോഷിന്റെ നിര്‍ദേശാനുസരണം എസ്.ഐമാരായ ഒ.ടി ഫിറോസ്, ബിജു വിജയന്‍, സീനിയര്‍ സി.പി.ഒ സി.എം സുനില്‍ കുമാര്‍, സി.പി.ഒ അനുരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...