കോളേജിന് സ്ഥിരം കെട്ടിടം നൽകുന്നതിനോ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് അനുയോജ്യമായ സംവിധാനം ഉണ്ടാക്കുന്നതോ അധികൃതർക്ക് കഴിഞ്ഞില്ല. 

ഇടുക്കി: പഠിക്കാൻ സ്ഥിരസംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്നാർ ഗവ.കോളേജിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. കാലവർഷത്തിൽ മണ്ണിടിഞ്ഞ് തകർന്ന പാതയോരങ്ങളിലെ തെരുവുകളിൽ പഠനം നടത്തിയാണ് പ്രതിഷേധം നടത്തുന്നത്. മൂന്നാർ എഞ്ചിനിയറിംങ്ങ് കോളേജിൽ മൂന്നാറിലെ ആർട്സ് കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിന് ഡ്യപ്യൂട്ടി ഡാറക്ടറുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പശു തൊഴുത്തിന് സമാനമായ കെട്ടിടമാണ് ക്ലാസ് റൂമായി അനുവദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 

ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളൊരുക്കാന്‍ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നേരത്തെ ക്ലാസുകൾ ബഹിഷ്കരിച്ചിരുന്നു. എന്നാൽ കോളേജിന് സ്ഥിരം കെട്ടിടം നൽകുന്നതിനോ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് അനുയോജ്യമായ സംവിധാനം ഉണ്ടാക്കുന്നതോ അധികൃതർക്ക് കഴിഞ്ഞില്ല. 

രാവിലെ പ്രതിഷേധ പ്രകടനവുമായെത്തിയ വിദ്യാർത്ഥികൾ ദേവികുളം റോഡിലെ തകർന്ന കെട്ടിടത്തിൽ കയറാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞതോടെ പാതയോരങ്ങളിലെ കലുങ്കുകളിൽ കുത്തിയിരിപ്പാരംഭിച്ചു. സ്ഥിരം കെട്ടിടം ലഭിക്കുന്നതുവരെ തെരുവിൽ പഠനം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. കോളേജ് ഡാറക്ടറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തിരക്കാണെന്ന മറുപടിയാണ് ലഭിച്ചത്.