കൊച്ചി: ശാന്തി വനത്തിന് പുറകേ കൊച്ചിയില്‍ നിന്ന് മറ്റൊരു പരിസ്ഥിതി നാശം കൂടി സര്‍ക്കാര്‍ ഒത്താശയോടെ നടക്കുകയാണ്. കൊച്ചി വല്ലാർപാടം ദ്വീപിലെ കായൽ കയ്യേറ്റത്തിൽ സര്‍ക്കാര്‍ വകുപ്പുകളുടെ ഒത്തുകളി പുറത്ത്. കിലോമീറ്ററുകൾ നീളത്തിൽ കായൽ നികത്തി റോഡുണ്ടാക്കിയിട്ടും വകുപ്പുകൾ അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മാലിന്യം കായലിൽ നിക്ഷേപിച്ചിട്ടും 
ആർക്കെതിരെയും നടപടിയില്ല. 

വല്ലാർപാടം ദ്വീപിനെ ചുറ്റി കിലോമീറ്ററുകൾ ഇങ്ങനെ കായൽ നികത്താൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി. പത്തും പതിനഞ്ചും മീറ്റർ വീതിയിൽ പ്ലാസ്റ്റിക്, മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കൊണ്ടുവന്ന് കായലിൽ തട്ടി മണ്ണ് വിരിച്ച് റോഡാക്കി മാറ്റുകയാണ് ചെയ്യുന്നത്. എന്ത് നടപടിയെടുത്തു എന്ന ചോദ്യത്തിന് പൊലീസിൽ പരാതി നൽകിയെന്ന ഒഴുക്കൻ മറുപടിയാണ് മുളവുകാട് വില്ലേജ് ഓഫീസിൽ നിന്നും പഞ്ചായത്തിൽ നിന്നും കിട്ടിയത്. 

കൊച്ചിൻ പോർട്ട് ട്രസ്റ്റിനും ജില്ലാ കളക്ടർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും രണ്ടുമാസം മുൻപ് പൊലീസും റിപ്പോർട്ട് നൽകി. അനധികൃത തണ്ണീർത്തടം നികത്തലിനെതിരെ നടപടിയെടുക്കണമെന്ന് വില്ലേജ് ഓഫീസർക്ക് കത്തുനൽകിയതോടെ പൊലീസും പിൻവാങ്ങി. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്ട് കായൽ നികത്തൽ കണ്ട ഭാവം നടിക്കാതെ റവന്യൂ വകുപ്പും ജില്ലാ ഭരണകൂടവും കൊച്ചിൻ പോർട്ട് ട്രസ്റ്റും മുന്നോട്ട് തന്നെയാണ്. 

തീരദേശ പരിപാലനച്ചട്ടലംഘനത്തിന് സർക്കാർ വകുപ്പുകള്‍ തന്നെ ഒത്താശ ചെയ്യുകയാണിവിടെ. പാരിസ്ഥിതികമായി ഏറെ ഭീഷണിയുയര്‍ത്താവുന്ന ഈ  നഗ്നമായ നിയമലംഘനം നടന്നിട്ടും സർക്കാർ വകുപ്പുകൾ പരസ്പരം പഴിചാരി കൈകഴുകുമ്പോള്‍ ഈ കായലുകളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്.