കെട്ടിട നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ആവശ്യമുള്ള ഫർണിച്ചർ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വാങ്ങുന്നതിനുള്ള ടെണ്ടർ പോലും ക്ഷണിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
മൂന്നാർ: നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ മൂന്നാറിലെ സർക്കാർ അതിഥി മന്ദിര കെട്ടിടം. ഇക്കാ നഗറിലെ അതിഥി മന്ദിരത്തിനു സമീപം വർഷങ്ങൾക്ക് മുൻപ് നിർമാണം പൂർത്തിയാക്കിയ അനക്സ് കെട്ടിടമാണ് ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തത് മൂലം കിടന്നു നശിക്കുന്നത്.
മൂന്നാറിലെത്തുന്ന സാധാരണക്കാരായ വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി 2014 ജൂലൈ നാലിലാണ് പുതിയ അനക്സ് കെട്ടിടത്തിൻ്റെ നിർമാണം ആരംഭിച്ചത്. 4.8 കോടി രൂപാ ചെലവിൽ 10 മുറികൾ, കോൺഫറൻസ് ഹാൾ, ഭക്ഷണശാല, അടുക്കള, വിശാലമായ കാർ പാർക്കിംഗ് എന്നീ സൗകര്യങ്ങളോടുകൂടിയാണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിട നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ആവശ്യമുള്ള ഫർണിച്ചർ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വാങ്ങുന്നതിനുള്ള ടെണ്ടർ പോലും ക്ഷണിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ഇതോടെ വർഷങ്ങൾക്ക് മുൻപ് നിർമാണം പൂർത്തിയായ കെട്ടിടം ഉപയോഗശൂന്യമായി കിടന്നു നശിക്കുകയാണ്. നേരത്തെ പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകള്‍ സാധാരണക്കാര്‍ക്ക് ബുക്ക് ചെയ്തതിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ ലഭിച്ചത് 4 കോടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിശദമാക്കുമ്പോഴാണ് ആവശ്യമായ ശ്രദ്ധ പോലും ലഭിക്കാതെ സർക്കാർ അതിഥി മന്ദിര കെട്ടിടം നശിക്കുന്നത്.
2021 നവംമ്പര്‍ മാസം ഒന്നാം തീയ്യതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുന്നത്. റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തെ ജനങ്ങള്‍ ഫലപ്രദമായാണ് ഉപയോഗിച്ചു. എല്ലാദിവസവും റസ്റ്റ് ഹൗസുകളില്‍ ബുക്കിംഗ് വന്നിരുന്നുവെന്നും മന്ത്രിമുഹമ്മദ് റിയാസ് ഒക്ടോബറില്‍ വിശദമാക്കിയിരുന്നു.
